കൊട്ടാരക്കര: സംസ്ഥാനത്തെ ആദ്യ ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതിയുടെ ഉദ്‌ഘാടനം കൊട്ടാരക്കരയില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു. ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതി യാഥാര്ത്ഥ്യമാകുന്നതിലൂടെ കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും നമ്മുടെ സമ്പത്ത് വ്യവസ്ഥയെ കൂടുതല്‍ മെച്ചപ്പെടുത്താനും. വൈജ്ഞാനിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വീടിനടുത്ത് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാനും കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു.
നിലവില്‍ 220 പേര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന വര്‍ക്ക് സ്റ്റേഷനാണ് സ്ഥാപിക്കുക. ഇതിനകം കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി കോളേജില്‍ സോഹോ കോർപ്പറേഷന്റെ ആര്‍ ആന്‍ഡ് ഡി കേന്ദ്രം ആരംഭിച്ചു.
50,000 സ്‌ക്വയര്‍ ഫീറ്റുള്ള ഐ.ടി പാര്‍ക്കിനുള്ള അനുവാദമായി. ഇത്തരത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചാല്‍ ചുറ്റുപാടുമുള്ള ആവാസ വ്യവസ്ഥയും ഐ.ടി അനുബന്ധ മേഖലയായി വളരാന്‍ സഹായിക്കും.

ഒരു വര്‍ഷത്തില്‍ 500 പേര്‍ക്കും അഞ്ചുവര്‍ഷത്തില്‍ ചുരുങ്ങിയത് 5000 പേര്‍ക്ക് ജോലി ചെയ്യാവുന്ന കേന്ദ്രമായി കൊട്ടാരക്കര മാറും. രാമനാട്ടുകരയിലും കളമശ്ശേരിയിലും ‘വര്‍ക്ക് നിയര്‍ ഹോം’ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും ഇതിന് കൊട്ടാരക്കര മികച്ച മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു.
കൊല്ലത്ത് പ്രധാന ഐ.ടി പാര്‍ക്ക് അനുബന്ധ മേഖല ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
സ്റ്റാര്‍ട്ടപ്പുകള്‍, ഫ്രീലാന്‍സ് തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍, ജീവനക്കാര്‍ക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നല്‍കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍, സ്വന്തമായി ചെറുസംരംഭങ്ങള്‍ നടത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് സൗകര്യപ്രദമായും സുഖകരമായും ജോലിയില്‍ ഏര്‍പ്പെടാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ക്ക് നിയര്‍ ഹോം പദ്ധതിയില്‍ ലഭ്യമാക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *