ഇസ്രായേൽ – അറബ് മാദ്ധ്യമങ്ങളിൽ താരങ്ങളായി രണ്ടു മലയാളി നേഴ്‌സുമാർ. 34 കാരായ സബിതാ ബേബിയും മീര മോഹനനും ഇന്ന് ഇസ്രായേൽ – അറബ് മാദ്ധ്യമങ്ങളിലെ താരങ്ങളാണ്. അവരുടെ ധീരതയും വിവേകപൂർണ്ണമായ ഇടപെടലും മൂലം അവരുൾപ്പെടെ നാലു ജീവനുകളാണ് ഭീകരരിൽ നിന്നും രക്ഷപെട്ടത്.
UAE യിലെ ദിനപ്പത്രമായ ” ദി നാഷണൽ ” പുറത്തുവിട്ട ഈ വാർത്ത ഇന്ത്യയിലെ ദേശീയ മാദ്ധ്യമങ്ങളും ഇസ്രായേൽ മീഡിയയും വലിയ പ്രാധാന്യത്തോടെയാണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.
ഒക്ടോബർ 7 ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽനിന്ന് വളരെ സാഹസികമായി ഇസ്രായേലിലെ രണ്ടു വൃദ്ധദമ്പതികളുടെ ജീവൻ രക്ഷിച്ചതിനും സ്വയം രക്ഷപെട്ടതിനുമാണ് ഇവർ രണ്ടുപേരും ഇപ്പോൾ എല്ലാവരുടെയും പ്രശംസകൾ പിടിച്ചുപറ്റുന്നത്.
ഇസ്രായേലിലെ ഗാസ അതിർത്തിയോട് ചേർന്ന ‘Nir o Kibbutz’ എന്ന ചെറുപട്ടണത്തിലെ ഇസ്രായേൽ വൃദ്ധദ മ്പതികളായ ഷോളിക് (85) റാഹേൽ (76) എന്നിവരെ പരിചരിക്കുന്ന നേഴ്‌സുമാരായിരുന്നു. ഷോളിക് മറവിരോഗിയാണ് ( അൽഷിമേഴ്‌സ്), റാഹേൽ അവശയായതിനാൽ സ്ഥിരം ബെഡിലാണ്. ഇവരുടെ മകൾ കുടുംബമായി തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിലാണ് താമസിക്കുന്നത്. വൃദ്ധദമ്പതികളുടെ ആഹാരം, മരുന്ന് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും സബിതയും മീരയുമാണ് നോക്കിയിരുന്നത്. ഇരുവർക്കും 12 മണിക്കൂർ വീതമുള്ള ഷിഫ്റ്റ് ഡ്യൂട്ടിയായിരുന്നു. പകലും രാത്രിയും മാറിമാറി 6 മണിമുതൽ 6 മണിവരെ.
ഷോളിക്കിനെയും റാഹേലിനെയും ഇരുവരും മലയാളത്തിൽ ‘അപ്പച്ചൻ’ ‘അമ്മച്ചി’ എന്നാണ് വിളിച്ചിരുന്നത്. ആ വിളിപ്പേർ ഇരുവരും ഇഷ്ടപ്പെട്ടിരുന്നതായും സബിത പറയുന്നു. അന്ന് നടന്ന ഭീതിപ്പെടുത്തിയ ആ സംഭവത്തെപ്പറ്റി സബിത പറയുന്ന വാക്കുകൾ ശ്രദ്ധിക്കാം.
ഒക്ടോബർ 7 രാവിലെ 6 മണി, നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ഞാൻ പോകാനൊരുങ്ങുകയായിരുന്നു. പകൽ ഷിഫ്റ്റിനായി ചാർജ് എടുക്കാൻ മീരയും എത്തിച്ചേർന്നു. പുറപ്പെടും മുൻപ് രാത്രി അപ്പച്ചനും അമ്മച്ചിക്കും നൽകിയ മരുന്നുകളുടെയും ആഹാരത്തിന്റെയും വിവരങ്ങൾ മീരയെ ധരിപ്പിച്ചുകൊണ്ടി രിക്കേ പെട്ടെന്ന് കമ്യൂണിറ്റി അലാറം മുഴങ്ങാൻ തുടങ്ങി. ഇതിനർത്ഥം പുറത്ത് എന്തോ വലിയ ആപത്തു സംഭവിക്കുന്നു എന്നാണ്.
തൊട്ടപ്പുറത്തുതാമസിക്കുന്ന അപ്പച്ചന്റെയും അമ്മച്ചിയുടെയും മകൾ എനിക്ക് ഫോൺ ചെയ്തു..” പുറത്ത് ഭീകരരുണ്ട് പെട്ടെന്ന് വീടിൻ്റെ എല്ലാ വാതിലുകളും ജനലുകളും അടച്ചുപൂട്ടി സുരക്ഷിതരായിരിക്കുക, ഒരു കാരണവശാലും പുറത്തിറങ്ങരുത് “.
ഞാനും മീരയും വല്ലാതെ ഭയന്നുപോയി. പെട്ടെന്ന് പുറത്തു വെടിയൊച്ചകൾ കേട്ടു. അപ്പച്ചന്റെയും അമ്മ ച്ചിയുടെയും ജീവൻ രക്ഷിക്കേണ്ട ചുമതല ഞങ്ങൾക്കാണെന്ന ബോധം പെട്ടെന്നുണ്ടായി. പുറത്ത് ഒച്ചയും ബഹളവും ഒപ്പം വെടിയൊച്ചയും രൂക്ഷമായി. ഞങ്ങളുടെ കെട്ടിടത്തിന്റെ ജനാലകളിൽ വെടിയുണ്ടകൾ തുളച്ചുകയറി ചില്ലുകൾ അകത്തേക്ക് ചിതറിത്തെറിച്ചു.
ആ വീട്ടിൽ വലിയ ഇരുമ്പവാതിലുള്ള ഒരു സേഫ് റൂമുണ്ടായിരുന്നു. അപ്പച്ചനെയും അമ്മച്ചിയെയും ഞങ്ങൾ രാണ്ടാളും കൂടി ആ റൂമിലാക്കി ഞങ്ങളും അകത്തുകടന്ന് വാതിലിന്റെ ഹാൻഡിൽ ലോക്ക് ചെയ്തു.. ഭയവും ഉത്കണ്ഠയും ഉണ്ടായെങ്കിലും മനസ്സിന് ഉറപ്പുനൽകാനായി ഞങ്ങൾ വാതിൽ മുറുകെ തള്ളിപ്പിടിച്ചു.
വീടിൻ്റെ വാതിൽ തകർത്ത ഭീകരർ ഉള്ളിൽവന്ന് സംഹാരതാണ്ഡവമാടി.ഒക്കെ തകർത്തു. ഒന്നും ബാക്കി വച്ചില്ല. ഞങ്ങൾ തങ്ങിയിരുന്ന സേഫ് റൂമിനുനേരെ തുരുതുരെ പലതവണ വെടിയുതിർത്തു. വാതിൽ തുറ ക്കാൻ ആവശ്യപ്പെട്ടു. ഇത് കുറേനേരം തുടർന്നശേഷം പെട്ടെന്ന് നിശബ്ദമായി.
കുറേക്കഴിഞ്ഞപ്പോൾ ആ വാതിലിൽ പലതവണ ആരോ മുട്ടിയശേഷം ” ഞങ്ങൾ നിങ്ങളെ രക്ഷിക്കാൻ വന്നതാണ്, വാതിൽ തുറക്കുക” എന്ന് ഇംഗ്ളീഷിൽ പറഞ്ഞു. ഇസ്രായേൽ സേന രക്ഷയ്ക്കെത്തിയതാകാ മെന്ന് ഒരുവട്ടം ഞങ്ങൾ കരുതിപ്പോയി. എന്നാൽ ഏതോ ദൈവീക സാന്നിദ്ധ്യം ഞങ്ങൾക്ക് തുണയായി. പുറത്ത് അറബിയിൽ ശബ്ദം താഴ്ത്തിയുള്ള ചില സംസാരം കേട്ടതോടെ ഞങ്ങൾക്ക് ചതി മനസ്സിലായി.
ശ്വാസമടക്കി, ചുമപോലും പുറത്തുവരാത്ത രീതിയിൽ ഞങ്ങൾ അവിടെ നിശ്ചലരായി നിലകൊണ്ടു..
ഒടുവിൽ അകത്ത് ആളില്ലാ എന്ന് കരുതി ഭീകരർ സ്ഥലം വിട്ടതാകണം. രാവിലെ 6 മണിമുതൽ ആ മുറിയിൽ കഴിഞ്ഞുകൂടിയ ഞങ്ങൾ അതെ നിലയിൽ ഉച്ചയ്ക്ക് 2 മണിവരെ 12 മണിക്കൂർ ജലപാനം കഴിക്കാതെ അപ്പ ച്ചനും അമ്മച്ചിക്കും മരുന്നോ ആഹാരമോ നല്കാനാകാതെ അവിടെ തുടർന്നു.
ഇസ്രായേൽ സേനയെത്തി പുറത്തുനിന്ന് ഞങ്ങളോട് ആ മുറി യിൽത്തന്നെ തുടരാൻ ആവശ്യപ്പെട്ടു. ഞങ്ങളെ രക്ഷിക്കുംമുമ്പ് ആ ഏരിയയിലുള്ള ഭീകരരെ വകവരുത്താനായിരുന്നു അത്.
ഞങ്ങൾ ഇസ്രായേൽ സേനയുടെ സംരക്ഷണത്തിൽ പുറത്തിറങ്ങിയപ്പോൾ വീടിനുള്ളിൽ ഒന്നും ബാക്കിയു ണ്ടായിരുന്നില്ല. ഒക്കെ തകർത്തിരുന്നു അവർ. വീൽ ചെയറും ലാപ് ടോപ്പും അവർ ഒപ്പം കൊണ്ടുപോയി.
ഞങ്ങൾ അപ്പച്ചനും അമ്മച്ചിക്കുമൊപ്പം ഇപ്പോൾ ടെൽ അവീവിലെ ഒരു ഷെൽട്ടർ ഹോമിലാണുള്ളത്. ഞങ്ങളുടെ രക്ഷയ്ക്കുപരി ഞങ്ങളെ മാത്രം ആശ്രയിച്ചുകഴിഞ്ഞ ഞങ്ങൾ സ്വന്തം മാതാപിതാക്കളെപ്പോലെ കരുതു ന്ന ആ വൃദ്ധദമ്പതികളെ രക്ഷിക്കാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യം ഇപ്പോഴുണ്ട്.. ഭീതിപ്പെടുത്തുന്ന ആ ദുർദിനത്തിലെ ഓർമ്മകൾ ഒരിക്കലും ഞങ്ങൾക്ക് മറക്കാനാകില്ല.
തീർച്ചയായും ആതുരസേവനരംഗത്തിനുതന്നെ മാതൃകയാണ് ഈ ധീരവനിതകൾ. അതിൽ നമുക്കും അഭിമാനിക്കാം..