കോഴിക്കോട്: മനുഷ്യ കാരുണ്യത്തിന്റെ പ്രതീകമായ സ്വാതന്ത്ര്യ സമര കാലത്ത് ബീജാവാപം ചെയ്ത അനാഥ മന്ദിരത്തിൽ വായനാശാല സ്ഥാപിക്കാൻ അനാഥ മന്ദിര ഭരണ സമിതി കാണിച്ച ഔത്സുക്യം അനുകരണീയവും അഭിനന്ദനീയവുമാണെന്ന് പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി മുൻ വൈസ് ചെയർമാനുമായ യുകെ കുമാരൻ പറഞ്ഞു.
വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജത്തിലെ താമസക്കാർക്ക് വേണ്ടി ആരംഭിക്കുന്ന മഹാകവി കുമാരനാശാൻ സ്മാരക വായനശാലയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകിയതിനു ശേഷം സംസാരിക്കുകയായിരുന്നു സാഹിത്യ അക്കാദമി മുൻ വൈസ് ചെയർമാനും പ്രമുഖ സാഹിത്യകാരനുമായ യുകെ കുമാരൻ.
അദ്ദേഹം പ്രസിഡന്റായ ഐക്യ കേരള വായനശാല ഭാരവാഹികളും വനിതാവേദി പ്രവർത്തകരും പരിപാടിയിൽ പങ്കാളികളായി. അനാഥ മന്ദിര സമാജം സെക്രട്ടറി സുധീഷ് കേശവ പുരി യുകെ കുമാരനിൽ നിന്ന് പുസ്തകങ്ങൾ ഏറ്റ് വാങ്ങി. വായനശാലാ സെക്രട്ടറി എൻ. മുരളീധരൻ വായനശാല വനിതാവേദി കൺവീനർ സുജിതാ മുരളീധരൻ ബാലവേദി കൺവീനർമാരായ ലൈല, രജനി എന്നിവർ പ്രസംഗിച്ചു.
വെസ്റ്റ് ഹിൽ അനാഥ മന്ദിര സമാജത്തിൽ ആരംഭിക്കുന്ന വായനശാലയിലേക്ക് ഐക്യ കേരള വായനശാലാ പ്രവർത്തകർ സമാഹരിച്ച പുസ്തകങ്ങൾ പ്രസിഡന്റ് യുകെ കുമാരനിൽ നിന്ന് സമാജo സെക്രട്ടറി സുധീഷ് കേശവ പുരി ഏറ്റുവാങ്ങുന്നു.