പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയതാണ് തോൽവിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടിയിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് എതിരെ പടയൊരുക്കം തുടങ്ങിയത്.
ബിജെപി ദേശിയ കൗൺസിൽ അംഗവും പാലക്കാട്ടെ മുതിർന്ന നേതാവുമായ എൻ.ശിവരാജൻ ആദ്യവെടി പൊട്ടിച്ചു കഴിഞ്ഞു. സി. കൃഷ്ണകുമാർ അല്ലാതെ മറ്റാരെങ്കിലും സ്ഥാനാർഥി ആയിരുന്നെങ്കിൽ വിജയം ഉറപ്പായിരുന്നുവെന്ന്  എൻ. ശിവരാജൻ പ്രതികരിച്ചു.

ഇത്രയും കനത്ത പരാജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ശോഭ സുരേന്ദ്രനോ വി.മുരളീധരനോ കെ.സുരേന്ദ്രനോ  മത്സരിച്ചിരുന്നുവെങ്കിൽ ഫലം മാറുമായിരുന്നു. തുടർച്ചയായി മത്സരിച്ച് കൊണ്ടിരിക്കുന്ന കൃഷ്ണകുമാർ നിർണായകമായ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലായിരുന്നു. 

കൃഷ്ണകുമാറിൻ്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ഈ ഘട്ടത്തിൽ സീറ്റ്  ഏറ്റെടുക്കാൻ പോകില്ല. പക്ഷേ തീരുമാനം എടുക്കേണ്ടിയിരുന്നത് കൃഷ്ണകുമാറാണ്. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ തീരുമാനിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ശിവരാജൻ പരസ്യമായി പ്രതികരിച്ചു. 
പാലക്കാട്ടെ ബിജെപിയുടെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. എന്നാൽ  മേൽക്കൂരയ്ക്ക് ചില പ്രശ്നങ്ങളുണ്ടെന്നും ശിവരാജൻ തുറന്നടിച്ചു. പരാജയം പഠിക്കണമെന്നും  ബിജെപിയുടെ ആദ്യകാല നേതാവായ എൻ. ശിവരാജൻ ആവശ്യപ്പെട്ടു.

നിരവധി തിരഞ്ഞെടുപ്പിൽ മത്സരിച്ച കൃഷ്ണകുമാറിനോട് പാർട്ടി പ്രവർത്തകർക്കും പൊതു ജനങ്ങൾക്കും താൽപര്യം ഇല്ലായിരുന്നു. തുടർച്ചയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കൃഷ്ണകുമാർ അതുവഴി വൻ ധനാഢ്യനായി മാറിയെന്നും ആക്ഷേപമുണ്ട്. ഇത് രാഷ്ട്രീയ എതിരാളികൾ പ്രചരണായുധം ആക്കിയിരുന്നു.

പാൽ സൊസൈറ്റി മുതൽ പാർലമെൻ്റിലേക്ക് വരെ മത്സരിക്കാൻ ഇറങ്ങുന്നയാളാണ്കൃഷ്ണകുമാർ എന്നായിരുന്നു യു.ഡി.എഫിൻ്റെയും ഇടത് മുന്നണിയുടെയും വിമർശനം. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
കൃഷ്ണകുമാർ നിയന്ത്രിക്കുന്ന നഗരസഭ ഭരണത്തിന് എതിരായ ജന വികാരവും  തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണമായി എന്നാണ് ബിജെപിയിൽ നിന്ന് ഉയരുന്ന വിമർശനം.
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed