പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നേതൃത്വത്തിൽ കോൺഗ്രസിൽ യുവ തലമുറ ശക്തിപ്പെടുന്നതിൻ്റെ സൂചനയാണ് പാലക്കാട്ടെയും വയനാട്ടിലെയും തിരഞ്ഞെടുപ്പ് ജയം തെളിയിക്കുന്നത്. നേരത്തെ തൃക്കാക്കരയിലും പുതുപ്പള്ളിയും കണ്ട അതേ പ്രചരണ തന്ത്രമായിരുന്നു പാലക്കാടും വിഡി സതീശൻ്റെ നേതൃത്വത്തിൽ നടത്തിയത്.
കെപിസിസി അധ്യക്ഷൻ കെ സുധാകരനെക്കാൾ തെരഞ്ഞെടുപ്പ് പ്രചരണ രംഗങ്ങളിലെല്ലാം നിറഞ്ഞുന്നത് വിഡി സതീശൻ ആയിരുന്നു. വിഡി സതീശനോട് ഇടഞ്ഞു ആദ്യം സരിനും പിന്നെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പി.കെ ഷാനിബും പാര്‍ട്ടി വിട്ടപ്പോഴും വിഡി സതിശൻ നിലപാട് കടുപ്പിച്ച് നേതൃത്വത്തിൽ നിന്ന് പാർട്ടിയ്ക്ക് ആത്മവിശ്വാസമേകി. 

മണ്ഡലത്തെ അറിയുന്ന യുവ നേതാക്കൾക്ക് പ്രചരണ ചുമതല ഏൽപ്പിച്ച് പാർട്ടിയെ മുന്നോട്ടു നയിക്കുക – അതാണ് വിഡി സതീശൻ ചെയ്യുന്നത്.

തൃക്കാക്കരയില്‍ ഹൈബി ഈഡനും റോജിയും കുഴല്‍നാടനും അടങ്ങുന്ന ടീം ആയിരുന്നു എങ്കിൽ പുതുപ്പള്ളിയില്‍ പിസി വിഷ്ണുനാഥും രാഹുൽ മാങ്കൂട്ടത്തിലും നേതൃത്വം ഏറ്റെടുത്തു. വടകര ലോകസഭ തിരഞ്ഞെടുപ്പ് ഘട്ടത്തിലും ഷാഫി പറമ്പിലിനെ സ്ഥാർത്ഥിയാക്കി യൂത്ത് കോൺഗ്രസ് നേതാക്കളെ ഇറക്കിയാണ് വിഡി സതീശൻ മർമ്മമറിഞ്ഞ് അങ്കം കുറിച്ചത്.

വാശി ഏറെ കണ്ട അവിടെയും ജയം കോൺഗ്രസിനൊപ്പമായി. ഇപ്പോൾ അതേ തന്ത്രത്തിൽ പാലക്കാടും. മണ്ഡലത്തെ നന്നായി അറിയുന്ന ഷാഫി പറമ്പിലും  വി.കെ. ശ്രീകണ്ഠനും പ്രചരണ തന്ത്രങ്ങൾ നടപ്പാക്കിയപ്പോൾ സ്ഥാനാർത്ഥികളെ നേരിട്ട് കണ്ട് വോട്ട് ചോദിക്കുന്ന ജോലി മാത്രമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്.

സി.പി.എമ്മിൻ്റെ സംഘടനാ ശക്തിയറിഞ്ഞ് അതിനോട് ഏറ്റുമുട്ടാൻ പാകത്തിൽ കോൺഗ്രസിലെ യുവ നിര വളർന്നു എന്നത് വ്യക്തമാക്കുന്നതാണ് ഒരോ തിരഞ്ഞെടുപ്പ് ജയങ്ങളും.

ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന കെ. സുധാകരനു കാര്യമായി സംഘടനയെ ചലിപ്പിക്കാൻ പറ്റുന്നില്ലെന്ന് വന്നപ്പോഴാണ് നേതൃത്വത്തിൽ വിഡി സതീശൻ ചുവടുറപ്പിക്കുന്നത്. കെ മുരളിധരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ പോലും വിഡി സതീശന് മുന്നിൽ നിഷ്പ്രഭമാകുന്ന കാഴ്ച ഈ ഉപതെരഞ്ഞെടുപ്പിൽ കണ്ടു.

പ്രചരണത്തിന് ഇറങ്ങാതെ കെ മുരളീധരൻ മാറിനിന്നപ്പോൾ തന്ത്രപൂർവ്വം മുരളിധരനെ പ്രചരണ ക്യാമ്പിൽ എത്തിക്കാനും ബിജെപിയോട് ഇടഞ്ഞുനിന്ന സന്ദീപ് വാര്യരെ കോൺഗ്രസ് പാളയത്തിൽ എത്തിച്ചു പ്രചരണത്തിന്റെ മൂർച്ചകൂട്ടാനും വിഡി സതീശന് കഴിഞ്ഞു.

ഈ രാഷ്ട്രീയ മാറ്റം വലിയ ഊർജ്ജവും ഉന്മേഷവും ആത്മ വിശ്വാസവുമാണ് കോൺഗ്രസിന് നൽകിയത്. പിണറായി വിജയൻ്റെ ഭാഷയ്ക്ക് അതേ ഭാഷയിൽ മറുപടി പറയാൻ വിഡി സതീശന് സാധിക്കുമ്പോൾ അത് പാർട്ടിയ്ക്ക് നൽകുന്ന കരുത്ത് ഏറെയാണ്.

കോണ്‍ഗ്രസില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വി.ഡി വളരുകയാണ്. അതും യുവനിരയുടെ കരുത്തിൽ. അത് ഇനി വരാനിരിക്കുന്ന തിരത്തെടുപ്പുകളിലും പ്രകടമാവും തീർച്ച. 

By admin

Leave a Reply

Your email address will not be published. Required fields are marked *