കോട്ടയം: കോട്ടയം സീറ്റ് ഏറ്റെടുക്കുന്ന കാര്യം കേരള കോണ്‍ഗ്രസുമായി സംസാരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതോടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്വേഷണവും ആരംഭിച്ചു. കോട്ടയത്തിന്‍റെ സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്തിയും കേരള കോണ്‍ഗ്രസിനെ ഒഴിവാക്കുന്നത് പരിഗണിച്ചും ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ആകും കോണ്‍ഗ്രസ് പരിഗണിക്കുക.
അതില്‍തന്നെ കത്തോലിക്കാ വിഭാഗത്തിനാകും പ്രഥമ പരിഗണന ലഭിക്കുക. എങ്കില്‍ മുന്‍ ഡിസിസി അധ്യക്ഷന്‍ അഡ‍്വ. ടോമി കല്ലാനിയ്ക്കാകും മുന്‍ഗണന. ഡിസിസി അധ്യക്ഷനായിരുന്ന കാലഘട്ടത്തില്‍ എഐസിസി തയ്യാറാക്കിയ ഇന്ത്യയിലെ ഏറ്റവും മികച്ച ഡിസിസി അധ്യക്ഷന്മാരുടെ ഒന്നാമനായിരുന്ന ടോമി കല്ലാനിയുടെ കാര്യത്തില്‍ എഐസിസിക്കും പ്രത്യേക താല്‍പര്യമുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചതുഷ്കോണ മല്‍സരം നടന്ന പൂഞ്ഞാറില്‍ പരമാവധി യുഡിഎഫ് വോട്ടുകള്‍ സമാഹരിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കല്ലാനിയ്ക്ക് കഴിഞ്ഞിരുന്നു. സഭാ നേതൃത്വങ്ങളുമായുള്ള അടുത്ത ബന്ധവും കോണ്‍ഗ്രസിലെ തീവ്ര ഗ്രൂപ്പ് പ്രതിനിധിയല്ലെന്നതും കല്ലാനിയ്ക്ക് ഗുണം ചെയ്യും.
യുഡിഎഫ് ജില്ലാ കണ്‍വീനറും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റുമായ ഫില്‍സണ്‍ മാത്യൂസാണ് പട്ടികയിലെ രണ്ടാം പേരുകാരന്‍. കഴിഞ്ഞ പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പില്‍ മണ്ഡലം ചുമതലക്കാരനായിരുന്ന ഫില്‍സനെ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമികളുടെ പട്ടികയിലും പരിഗണിച്ചിരുന്നതാണ്.
മുന്‍ ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പാണ് പരിഗണനാ പട്ടിയില്‍ മുന്‍ഗണനയിലുള്ള മറ്റൊരാള്‍. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു. ‘എ’ ഗ്രൂപ്പ് നേതാവും മുതിര്‍ന്ന നേതാവുമായ മുന്‍ മന്ത്രി കെസി ജോസഫും സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ പ്രായാധിക്യവും അനാരോഗ്യ കാരണങ്ങളും കെസിക്ക് പ്രതികൂല ഘടകങ്ങളാണ്.
ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷാണ് സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കുന്ന മറ്റൊരാള്‍. അതേസമയം ആന്‍റോ ആന്‍റണിയെ പത്തനംതിട്ടയില്‍ നിന്ന് മാറ്റി കോട്ടയത്ത് മല്‍സരിപ്പിക്കുന്നതും കോണ്‍ഗ്രസിന്‍റെ പരിഗണനയിലുണ്ട്. പത്തനംതിട്ടയില്‍ വീണ്ടും മല്‍സരിച്ചാല്‍ ആന്‍റോയുടെ സാധ്യത സംബന്ധിച്ച് പാര്‍ട്ടിക്ക് ആശങ്കയുണ്ട്. പക്ഷേ അപ്പോള്‍ പത്തനംതിട്ടയില്‍ ആര് മല്‍സരിക്കുമെന്നതും ആലോചിക്കേണ്ടതുണ്ട്.
ഇടതുപക്ഷം കോട്ടയത്ത് മല്‍സരിപ്പിക്കുന്നത് സിറ്റിംങ്ങ് എംപി തോമസ് ചാഴികാടനെ ആണെന്ന് ഉറപ്പാണ്. എംപിമാരുടെ മണ്ഡലം വികസന ഫണ്ട് വിനിയോഗത്തില്‍ കേരളത്തില്‍ ഒന്നാമനായി മാറിയതോടെ തോമസ് ചാഴികാടന് ജനപ്രീതി ഉയര്‍ന്നിട്ടുണ്ട്.
അതിനാല്‍തന്നെ പിജെ ജോസഫ് വിഭാഗത്തിന്‍റെ സ്ഥാനാര്‍ഥിയെ ഇറക്കിയാല്‍ ചാഴികാടനെതിരെ ശക്തമായ മല്‍സരം പോലും കാഴ്ചവയ്ക്കാന്‍ കഴിയില്ലെന്നതും കോണ്‍ഗ്രസിനറിയാം. ഈ സാഹചര്യത്തിലാണ് സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.