തിരുവനന്തപുരം: കായിക വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിനായി വിഭാവനം ചെയ്ത പുതിയ കായിക ഭവൻ സമുച്ചയത്തിന്റെ ആദ്യ ഘട്ട നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. കായിക മേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പുതിയ കായിക ഭവൻ നിർമ്മിക്കുന്നത്.
നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം കായിക, യുവജനകാര്യ വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. തിരുവനന്തപുരം വാൻറോസ് ജങ്ഷനു സമീപം 29.55 സെന്റ് ഭൂമിയിലാണ് കായിക വകുപ്പിനു സ്വന്തമായി ഏഴു നില സമുച്ചയം രണ്ടു ഘട്ടങ്ങളിലായി നിർമ്മിക്കുന്നത്.  
ആദ്യ ഘട്ട നിർമ്മാണ പ്രവൃത്തികൾക്കായി സർക്കാർ 8.50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ആദ്യ മൂന്ന്‌ നിലകളാണ്‌ ഒന്നാം ഘട്ടത്തിൽ നിര്‍മ്മിക്കുന്നത്‌. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. ഒമ്പത് മാസം കൊണ്ട്‌ ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തീകരിക്കുവാനാണ്‌ ലക്ഷ്യമിടുന്നത്‌. വിശാലമായ ഓഫീസ് ഏരിയകൾ, പാർക്കിങ്, സുരക്ഷാ സംവിധാനങ്ങൾ, ശുചിമുറികൾ, മഴവെള്ള സംഭരണി, കുടിവെള്ള സംഭരണി തുടങ്ങിയ സൗകര്യങ്ങളും കായിക ഭവന്‍ സമുച്ചയത്തിലുണ്ടാകും. 
കായിക ഭരണം സുഗമമാക്കാൻ പുതിയ ആസ്ഥാന സമുച്ചയം സഹായകമാകും. ഗ്രാമീണതലത്തില്‍ കളിക്കളങ്ങള്‍, ആധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയങ്ങള്‍, സിന്തറ്റിക്‌  ട്രാക്കുകകള്‍, സ്വിമ്മിംഗ്‌ പുള്‍, സ്പോര്‍ട്സ്‌ ടൂറിസം പദ്ധതികള്‍, വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട കായിക പരിശീലന കളരികള്‍, ഫിറ്റ്നസ്‌ സെന്ററുകള്‍, സ്പോര്‍ട്സ്‌ മെഡിസിന്‍ സെന്ററുകള്‍, സ്പോര്‍ട്സ്‌ സയന്‍സ്‌ സെന്ററുകള്‍, എന്നീ പദ്ധതികളാണ്‌ സംസ്ഥാനത്ത്‌ നടപ്പിലാക്കി വരുന്നത്‌.  
സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഏകദേശം 360 കോടി രൂപയുടേയും കിഫ്ബി ധനസഹായത്തോടെ 14 ജില്ലാ സ്റ്റേഡിയങ്ങള്‍ക്കും, 44 പഞ്ചായത്ത്‌ / മുനിസിപ്പല്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനുമായി ഏകദേശം 1100 കോടി രൂപയുടേയും ആസ്തി വികസന പ്രവൃത്തികൾ നിലവില്‍ കായിക വകുപ്പിനു കീഴില്‍ നടന്നു വരുന്നുണ്ട്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *