1948 മുതൽ തുടങ്ങിയ ഇസ്രായേൽ – പാലസ്തീൻ പോരാട്ടം 75 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും അതേപടി തുടരു കയാണ്. 50 വർഷങ്ങൾക്കുമുൻപ് അറബ് -ഇസ്രായേൽ യുദ്ധം നടന്ന ശേഷം പിന്നീട് അത്തരമൊരു യുദ്ധമു ണ്ടായിട്ടില്ലെങ്കിലും ഇസ്രായേൽ – പാലസ്തീൻ സംഘർഷത്തിന് ഒട്ടും അയവ് വന്നിട്ടില്ല.
1947 ൽ ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച നിർദ്ദേശമായിരുന്നു ഇസ്രയേലും പാലസ്തീനും വെവ്വേറെ സ്വതന്ത്ര രാജ്യങ്ങളാകുക എന്ന Two Nation ഫോർമുല.അതായത് ഇസ്രായേൽ യഹൂദ രാഷ്ട്രവും പാലസ്തീൻ അറബ് വംശജരുടെ രാഷ്ട്രവും.
അന്ന് ഇസ്രയേലിന്റെ പക്കൽ പലസ്തീൻ പ്രദേശത്തിന്റെ 10 % മാത്രമാണുണ്ടായിരുന്നത്. Two Nation ഫോർമുല അനുസരിച്ച് അവർക്ക് മൊത്തം പ്രദേശത്തിന്റെ പകുതി ലഭിക്കുമെന്നായിരുന്നു നിർദ്ദേശം.ഇത് അറബ് രാജ്യങ്ങൾ അംഗീകരിച്ചില്ല. എന്നാൽ ഫോർമുലയിലെ ചില നിർദ്ദേശങ്ങൾ അതായത് രണ്ടു സ്വതന്ത്ര രാജ്യങ്ങൾ എന്ന നിർദ്ദേശം ഇസ്രയേലിനും പാലസ്തീനും സ്വീകാര്യമായിരുന്നു. പക്ഷേ മുന്നോട്ടുള്ള വർഷങ്ങളിൽ ഇതിൽ കാര്യമായ ഒരു പുരോഗതിയും ഉണ്ടായില്ല.
1993 ൽ അമേരിക്കൻ ഇടപെടലിനെത്തുടർന്ന് നോർവേയിലെ ഓസ്ലോയിൽ പലസ്തീൻ നേതാവ് യാസർ അറാഫത്തും ഇസ്രായേൽ നേതാക്കളുമായി നടത്തിയ ചർച്ചകളെത്തുടർന്ന് ഒപ്പുവച്ച ഉടമ്പടിപ്രാകാരം വെസ്റ്റ് ബാങ്കിലും ഗാസയിലും ഭരണം നടത്താനായി ഒരു പാലസ്തീൻ അതോറിറ്റിയുടെ രൂപീകരണം അടുത്ത 5 വർഷ ത്തിനുള്ളിൽ നടപ്പാക്കാൻ ധാരണയായിരുന്നു.ഇതേത്തുടർന്ന് പലസ്തീൻ, ഇസ്രയേൽ എന്ന രാജ്യത്തെ അംഗീ കരിക്കുകയും ചെയ്തു.
പക്ഷേ പിന്നീടും കാര്യങ്ങൾ ഒട്ടും മുന്നോട്ടുപോയില്ല. കാരണം തടസ്സങ്ങൾ പലതായിരുന്നു. മുഖ്യമായും നാലു കാരണങ്ങളാണ് ഉരുത്തിരിഞ്ഞുവന്നത്.
ഇസ്രായേലിൽ നിന്നും വേറിട്ട് ഒരു രാജ്യമാകുമ്പോൾ പലസ്തീന്റെ അതിർത്തിയിലുള്ള തർക്കമായിരുന്നു ഒന്നാമത്തേത്. രണ്ട്, യെരുശലേം ആരുടെ അധീനതയിലാകണം ? മൂന്ന്, പാലസ്തീൻ പ്രദേശങ്ങളിൽ കുടി യേറിയ ഇസ്രായേലുകാരെ എങ്ങനെ അവിടെനിന്നും ഒഴിപ്പിക്കും ? നാല് ഇസ്രയേലിനുള്ളിൽ പാർക്കുന്ന പലസ്തീൻകാരെ അവിടെനിന്നും എങ്ങനെ ഒഴിവാക്കും ?
ഈ നാലുവിഷയങ്ങളിലും അടുത്ത 5 വർഷത്തിനുള്ളിൽ പലസ്തീൻ അതോറിറ്റി നിലവിൽവന്നശേഷം ചർച്ചകളിലൂടെ പരിഹാരം കാണുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പിന്നീട് അത് നടന്നില്ല എന്നതാണ് യാഥാർഥ്യം. അതിന് ഇരു കൂട്ടരും തുല്യ ഉത്തരവാദികളാണ്. വളരെ സങ്കീർണ്ണമായി കെട്ടുപിണഞ്ഞുകിട ക്കുന്ന ഈ വിഷയങ്ങൾ രമ്യതയിലൂടെ പരിഹരിക്കാൻ ആർക്കും കഴിഞ്ഞില്ല.
മറ്റൊരു വസ്തുത Two Nation ഫോർമുലയെ ശക്തമായി എതിർക്കുന്ന ഗ്രൂപ്പുകൾ ഇരുഭാഗത്തുമുണ്ടായിരുന്നു എന്നതുകൂടിയാണ്. പലസ്തീനിൽ ഹമാസും, ഇസ്ലാമിക് ജിഹാദും, ഇസ്രായേലിൽ തീവ്ര ജൂത നിലപാ ടുകാരും വിഭജനസിദ്ധാന്തം അംഗീകരിച്ചില്ല. മുഴുവൻ പ്രദേശങ്ങളും തങ്ങളുടേതാണെന്ന നിലപാടിൽ അവർ ഉറച്ചു നിന്നു. ചുരുക്കത്തിൽ ഓസ്ലോ ഉടമ്പടി പിന്നീട് മുന്നോട്ടുപോയില്ല.
അതിനുശേഷം ഹമാസും ,ഇസ്ലാമിക് ജിഹാദും ഇസ്രായേലിലേക്ക് ആക്രമണങ്ങൾ തുടർന്നപ്പോൾ ഇസ്രാ യേലിലെ തീവ്ര യഹൂദി ഗ്രൂപ്പുകാർ ഓസ്ലോ ഉടമ്പടിയെ പിന്തുണച്ച ഇസ്രായേൽ പ്രധാനമന്ത്രി ഇസഹാക്ക് റോബിനെ കൊലപ്പെടുത്തി. പിന്നീട് 1996 ൽ ഇസ്രായേലിൽ അധികാരത്തിൽവന്ന തീവ്ര യഹൂദ നിലപാടു കളെ അനു കൂലിക്കുന്ന സർക്കാർ ഓസ്ലോ ഉടമ്പടി പരിഗണിച്ചില്ലെന്ന് മാത്രമല്ല യെരുശലേം അവരുടെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും അവിടെ വ്യാപകമായി യഹൂദകുടിയേറ്റത്തിനുള്ള വഴിയൊരുക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.പാലസ്തീൻ എതിർപ്പുകൾ മറികടന്ന് വെസ്റ്റ് ബാങ്കിൽ യഹൂദ ഗ്രാമങ്ങൾ സ്ഥാപിതമായി.
ഇസ്രായേൽ, യെരുശലേം തങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെ അമേരിക്കയും സഖ്യരാജ്യങ്ങളും അംഗീകരിച്ചതോടെ സ്വതന്ത്ര പാലസ്തീൻ രാജ്യം എന്ന സ്വപ്നം യാഥാർഥ്യമാകുമോ എന്ന സംശയം പൊതുവേ ഉടലെടുക്കുകയുണ്ടായി. വെസ്റ്റ് ബാങ്കിലും യെരുശലേമിലും യഹൂദ ഗ്രാമങ്ങൾ ഇന്ന് ധാരാളമുണ്ട്. സ്വതന്ത്ര പലസ്തീൻ സ്ഥാപിതമാകുന്നതിനുള്ള തടസ്സങ്ങളിലൊന്ന് ഈ യഹൂദ ഗ്രാമങ്ങളാണ്.
മറുവശത്ത് ഹമാസും ഫത്താ പാർട്ടിയും രണ്ടു ധൃവങ്ങളിൽ നീങ്ങുന്നു എന്നുമാത്രമല്ല, പാലസ്തീൻ ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാനോ, സന്ധിസംഭാഷണം നടത്താനോ വേണ്ടി യാസർ അരാഫത്തിനെപ്പോലെ ജന കീയനായ ഒരു നേതാവ് അവർക്കില്ല എന്നതാണ്.
ഇസ്രായേൽ, ഗാസയിൽ കുടിയേറിയ തങ്ങളുടെ പൗരന്മാരെ മുഴവൻ അവിടെനിന്നും കുടിയൊഴിപ്പിക്കു കയും ഗാസയുടെ നിയന്ത്രണം പൂർണ്ണമായും ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതേരീതി വെസ്റ്റ് ബാങ്കിലും ഇസ്രായേൽ കൈക്കൊണ്ടാൽ സമാധാന ശ്രമങ്ങൾക്ക് അത് തുടക്കം കുറിക്കാനിടയാകും.
പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാൻ അമേരിക്ക ആത്മാർത്ഥമായി ശ്രമിച്ചാൽ അത് നടപ്പാകും എന്ന് വിശ്വസിക്കുന്നവരാണ് പല വിദേശകാര്യ വിദഗ്ദ്ധരും. ഉദാഹരണം പശ്ചിമേഷ്യയിൽ അമേരിക്ക ആഗ്രഹിച്ച പല കാര്യങ്ങളും അതേപടി നടപ്പായിട്ടുണ്ട്. ഈജിപ്റ്റ്, ജോർദാൻ എന്നീ രാജ്യങ്ങളുമായി ഇസ്രായേൽ ഉണ്ടാ ക്കിയ ഒത്തുതീർപ്പിനു ചുക്കാൻ പിടിച്ചത് അമേരിക്കയായിരുന്നു. അതുപോലെ ഇപ്പോൾ നടപ്പാക്കിയ അബ്രഹാം ഉടമ്പടി മറ്റൊരുദാഹരണം.
എടുത്തുപറയേണ്ട ഒരു വസ്തുത, 9/11 ഭീകരാക്രമണശേഷം അമേരിക്കയുടെ ഫോക്കസ് മുഴുവൻ തീവ്രവാദ ത്തിനെതിരെയാണ്. അവരുടെ മുഴുവൻ ശ്രദ്ധയും അതിലാണ്. ഇതോടൊപ്പം ഇറാൻ, റഷ്യ, ചൈന ഒക്കെ അവരുടെ പ്രതിസ്ഥാനത്തുമാണ്.
എങ്കിലും അമേരിക്കയുടെ ശക്തമായ ഇടപെടൽ ഒരിക്കൽക്കൂടി പശ്ചിമേഷ്യയിലുണ്ടാകുകയും Two N Nation ഫോർമുലയിൽ അധിഷ്ഠിതമായ ശാശ്വത സമാധാനമാർഗ്ഗത്തിലേക്ക് അറബ് രാഷ്ട്രങ്ങളുടെ പിന്തുണയോടെ ഇസ്രയേലിനെയും പാലസ്തീനെയും കൊണ്ടുവരുകയും ചെയ്താൽ അതൊരു വലിയ തുടക്കമായി മാറപ്പെടും.
ഇല്ലെങ്കിൽ കൂടുതൽ കൂടുതൽ വിനാശത്തിലേക്കാകും ഈ മേഖല നീങ്ങാൻ പോകുന്നത് എന്ന മറ്റുള്ള ഉത്ക്കണ്ഠ ലോകരാജ്യങ്ങൾക്കെല്ലാമുണ്ട്.
ഇപ്പോൾ പ്രതീക്ഷ അമേരിക്കയിലാണ്. അവരുടെ ശക്തമായ ഇടപെടൽ ഉണ്ടായാൽ അത് പ്രതീക്ഷയ്ക്ക് വകനൽകുമെന്നു കരുതുന്നവർ അനവധിയാണ്.