തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനം. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
ജസ്റ്റീസ് സി.എൻ.രാമചന്ദ്രൻ നായര്‍ അധ്യക്ഷനായിട്ടുള്ള ജുഡീഷ്യൽ കമ്മീഷനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഭൂമിയുടെ ഉടമസ്ഥര്‍ക്ക് റവന്യൂ അധികാരം നഷ്ടമായതടക്കമുള്ള വിഷയങ്ങള്‍ കമ്മീഷന് പരിശോധിക്കും.
ഭൂമിയുടെ ഉടമസ്ഥാവകാശം ജുഡീഷ്യൽ കമ്മീഷൻ പരിശോധിക്കുമെന്ന് ഉന്നതതല യോഗത്തിനു ശേഷം മന്ത്രി പി.രാജീവ് പറഞ്ഞു. മൂന്നു മാസത്തിനുള്ള ഭൂമി പ്രശ്നത്തിൽ ജുഡീഷ്യൽ കമ്മീഷൻ തീരുമാനമുണ്ടാക്കും. സമരസമിതിയുമായി മുഖ്യമന്ത്രി സംസാരിക്കും
ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കരം അടയ്ക്കാനുള്ള നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതിനായി ഹൈക്കോടതിയിൽ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. എന്ത് അടിസ്ഥാനത്തിലാണ് തങ്ങളുടെ ഭൂമിയുടെ രേഖ കമ്മീഷൻ പരിശോധിക്കുന്നതെന്ന് സമരസമിതി അംഗങ്ങൾ ചോദിച്ചു.