വാഷിംഗ്ടണ്‍: യു.എസ്. അറ്റോര്‍ണി ജനറലായി നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച മാറ്റ് ഗെയ്റ്റ്സ് പിന്മാറി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ച കേസിലും മയക്കുമരുന്നുകേസിലും ജനപ്രതിനിധിസഭ എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണം അദ്ദേഹം നേരിട്ടിരുന്നു.
ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന മാറ്റ്സിനെ സര്‍ക്കാരിലെ ഉത്തരവാദപ്പെട്ട ചുമതലയേല്‍പ്പിക്കാനുള്ള നിയുക്ത പ്രസിഡന്റിന്റെ നീക്കത്തിനെതിരെ റിപ്പബ്ലിക്കന്മാരില് നിന്നു പോലും എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
സെനറ്റിന്റെ സ്ഥിരീകരണം ആവശ്യമുള്ള നിയമനം ആയതിനാല്‍ മാറ്റ്സ് കഠിനമായ നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടിവരും എന്ന മുന്നറിയിപ്പും അവര്‍ നല്‍കിയിരുന്നു.
തനിക്കെതിരായുള്ള ആരോപണത്തിന്റെ പേരില്‍ രണ്ടാം ട്രംപ് സര്ക്കാരിനുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് പിന്മാറുന്നതെന്ന് ഗെയ്റ്റ്സ് പറഞ്ഞു. വ്യാഴാഴ്ച ക്യാപിറ്റോളില്‍ മന്ദിരത്തില്‍ ചേര്‍ന്ന എത്തിക്സ് കമ്മിറ്റി യോഗത്തില്‍ ഗെയ്റ്റ്സിനെതിരായുള്ള അന്വേഷണറിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ വോട്ടെടുപ്പ് നടന്നിരുന്നു.
ഫ്ളോറിഡയില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗമായിരുന്നു ഗെയ്റ്റ്സ്. അറ്റോര്‍ണിയായി ട്രംപ് നാമനിര്‍ദേശം ചെയ്തതോടെ ജനപ്രതിനിധിസഭ അംഗത്വം അദ്ദേഹം രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് അംഗമായിരിക്കെ തനിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് തടയുന്നതിനുവേണ്ടിയാണ് അദ്ദേഹം മുന്‍കൂറായി ജനപ്രതിനിധി സഭാംഗത്വം രാജിവെച്ചത്.