ഡൽഹി: സര്‍ക്കാര്‍ നടത്തുന്ന സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി കരാര്‍ ഒപ്പിടാനുള്ള സംസ്ഥാനത്തിന്റെ വിമുഖത പരിഹരിക്കാന്‍ 2021 ഓഗസ്റ്റില്‍ ഗൗതം അദാനി അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ കണ്ടതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) ആരോപിച്ചു.
തങ്ങളുടെ സര്‍ക്കാരിന് അദാനി ഗ്രൂപ്പുമായി നേരിട്ട് യാതൊരു കരാറും ഇല്ലെന്ന് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി പറഞ്ഞു.
സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി വൈദ്യുതി വിതരണ കരാറില്‍ ഏര്‍പ്പെടുന്നതിന് ‘ആ യോഗത്തിലോ അതിനോടനുബന്ധിച്ചോ ഗൗതം അദാനി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുകയോ വാഗ്ദ്ധാനം ചെയ്യുകയോ ചെയ്തു’ എന്നാണ് എസ്ഇസി ആരോപണം.
അദാനിക്കെതിരെ കൈക്കൂലി, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയ യുഎസ് കുറ്റപത്രത്തില്‍ പേര് വെളിപ്പെടുത്താത്ത ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് 1,750 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി സൂചിപ്പിച്ചിരുന്നു.
യോഗത്തിന് തൊട്ടുപിന്നാലെ, എസ്ഇസിഐയില്‍ നിന്ന് ഏഴ് ജിഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ആന്ധ്രാപ്രദേശ് സമ്മതിച്ചു. ഒരു സംസ്ഥാനം സംഭരിക്കുന്ന ഏറ്റവും വലിയ സോളാര്‍ വൈദ്യുതിയായിരുന്നു അത്.