താനെ: അമ്മാവന്റെ അടിയേറ്റ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. തെളിവ് നശിപ്പിക്കാന്‍ വേണ്ടി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച 38 കാരനെ അറസ്റ്റ് ചെയ്തു.
താനെയിലെ ഉല്ലാസ് നഗറിലാണ് സംഭവം. തിങ്കളാഴ്ച മകളെ കാണാനില്ലെന്ന് അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഉല്ലാസ്നഗര്‍ ഹില്‍ ലൈന്‍ പോലീസ് സ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയുടെ ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
അമ്മയുടെ സഹോദരനായ യുവാവിനെ ഉടന്‍ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വീട്ടില്‍ കുട്ടിയുമായി കളിക്കുകയായിരുന്ന ഇയാള്‍ ‘കളിയായി’ കുഞ്ഞിനെ തല്ലുകയായിരുന്നുവെന്നാണ് വിവരം. അടി ശക്തമായതിനാല്‍ പെണ്‍കുട്ടി തലയിടിച്ച് വീണ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
യുവാവ് ഉടന്‍ തന്നെ മൃതദേഹം ഒളിപ്പിക്കുകയും കുട്ടിയെ കാണാതായെന്ന് പരാതിപ്പെടാന്‍ സഹോദരിയോടൊപ്പം പോലീസ് സ്റ്റേഷനില്‍ വരികയും ചെയ്തു. കുടുംബം കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.
ബുധനാഴ്ച മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ആളുകള്‍ പോയത് മുതലെടുത്ത് പ്രതിയും ഭാര്യയും റിക്ഷക്കാരനായ സുഹൃത്തും ചേര്‍ന്ന് മൃതദേഹം കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി കത്തിക്കാന്‍ ശ്രമിച്ചു.
വ്യാഴാഴ്ച പോലീസ് മൃതദേഹത്തിനായി തിരച്ചില്‍ ആരംഭിച്ചിരുന്നു. ഈ ശ്രമത്തില്‍ മൂവരും പങ്കു ചേര്‍ന്നിരുന്നു.
റിക്ഷാക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. ഇത് പൊലീസ് സംശയത്തിന് ഇടയാക്കി. സംശയത്തെത്തുടര്‍ന്ന് പോലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ മൃതദേഹം കത്തിച്ചതായി സമ്മതിച്ചെങ്കിലും പെണ്‍കുട്ടിയെ തങ്ങള്‍ കൊലപ്പെടുത്തുകയായിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.
സാങ്കേതിക വിശകലനത്തിന്റെയും പ്രതി നല്‍കിയ കുറ്റസമ്മത മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിച്ചതെന്ന് ഉല്ലാസ്‌നഗര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സച്ചിന്‍ ഗോര്‍ പറഞ്ഞു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഞങ്ങള്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കമ്മീഷണര്‍ സച്ചിന്‍ ഗോര്‍ പറഞ്ഞു