തിരുവനന്തപുരം:  ഭാരതം എന്ന് പറയുന്നതിന് ഇവിടെയാരും എതിരല്ലെന്നും എന്നാല്‍ അങ്ങനെയേ പറയാവൂ എന്ന് പറയുന്നതാണ് തെറ്റെന്നും സിപിഐഎം നേതാവ് എ. വിജയ രാഘവന്‍. പാഠ പുസ്തകങ്ങളില്‍ ഇന്ത്യയുടെ പേര് മാറ്റത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മധ്യകാല മൂല്യങ്ങളിലേക്കുള്ള മടക്ക യാത്രയ്ക്ക് വേണ്ടിയുള്ള പൊതു ബോധ നിര്‍മ്മിതിയാണ് നടത്തുന്നത്. വിദ്യാഭ്യാസ സാംസ്‌ക്കാരിക മേഖലയില്‍ ആര്‍എസ്എസ് താല്പര്യം നടപ്പാക്കാനാണ് ശ്രമം.
അപകടകരമായ തരത്തിലുള്ള സാമൂഹ്യ വിഭജനമാണ് നടക്കുന്നത്. ഇന്ത്യ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. ചരിത്രത്തെ മാറ്റുകയാണ് ചെയ്യുന്നത്. ജനങ്ങള്‍ നടത്തിയ സമരമാണ് ചരിത്രം. ഒന്നാം സ്വാതന്ത്ര്യ സമരത്തെ യുദ്ധമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. സവര്‍ക്കറുടെ അജണ്ടയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്റേത് സവര്‍ക്കറുടെ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ശാസ്ത്ര തത്വങ്ങള്‍ കേന്ദ്രം അവഗണിക്കുന്നു. അംബേദ്കര്‍ പറഞ്ഞത് ഇന്ത്യ എന്ന പേരാണ്. ഭാരതമെന്നാക്കാന്‍ ഇപ്പോള്‍ പ്രകോപനമെന്ത് എന്നും അദ്ദേഹം ചോദിച്ചു. മോദി സര്‍ക്കാരിന് ‘ഇന്ത്യ’എന്ന പേരിനെ പേടിയാണെന്നും ആ ഭയത്തിന് പിന്നില്‍ ‘ഇന്ത്യ’ മുന്നണിയാണെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ വച്ചാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ നയിക്കാനുള്ള കൈവഴികളാണ് ഇതൊക്കെയെന്നും ഭരണഘടനാപരമായി രാജ്യത്തിന്റെ പേര് എന്താകണമെന്ന് അംബേദ്ക്കര്‍ അടക്കം ചര്‍ച്ച ചെയ്താണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സവര്‍ക്കറുടെ നിലപാടാണ് കേന്ദ്രത്തിനുള്ളത്.
ഭാരതം എന്നതോ ഇന്ത്യ എന്നതോ അല്ല കേന്ദ്രത്തിന്റെ പ്രശ്നമെന്നും പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യാണ് പ്രകോപനത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പുരാണങ്ങളെ ആര്‍എസ്എസ് നിര്‍മ്മിത പുരാണങ്ങളാക്കി മാറ്റി ഹിന്ദുത്വത്തിലേക്കും വര്‍ഗീയതയിലേക്കും മാറ്റാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്.
പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നായതാണ് കേന്ദ്രത്തിന്റെ ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തിലേക്ക് കേന്ദ്രം പോകണ്ടതില്ലെന്നും ആര്‍എസ്എസ്സുകാരന്റെ തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന പേരെന്നും എംവി ?ഗോവിന്ദന്‍ ഓര്‍മ്മിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *