വൃക്കരോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പലരിലും രോഗലക്ഷണങ്ങളൊന്നും പ്രകടമാകില്ല. അതിനാൽ വൃക്കയുടെ ആരോഗ്യം പരിശോധിക്കുന്നതും അറിയുന്നതും കൂടുതൽ പ്രധാനമാണ്. വൃക്ക തകരാറിലായാൽ രക്തം ഫിൽട്ടർ ചെയ്യുന്നത് നിർത്തുന്നു. ഇത് ശരീരത്തിൽ ദ്രാവകങ്ങളും മാലിന്യങ്ങളും അടിഞ്ഞു കൂടുന്നതിലേക്ക് നയിക്കുന്നു.
തുടക്കത്തിൽതന്നെ രോഗം കണ്ടെത്തിയാൽ ചില ജീവിതശൈലി മാറ്റങ്ങൾ വഴി വൃക്ക രോഗത്തെ നിയന്ത്രിക്കാനാകും. അതിനു ശ്രദ്ധ ചെലുത്തേണ്ടത് വൃക്കരോഗവുമായി ബന്ധപ്പെട്ട് ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളിലാണ്. വൃക്കതകരാർ ഉണ്ടെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ മനസ്സിലാക്കാം.
ഇരുണ്ട നിറത്തിലുള്ള മൂത്രം, പത നിറഞ്ഞ മൂത്രം, മൂത്രത്തിൽ രക്തം, മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും വേദന എന്നിവ വൃക്കരോഗത്തിന്റെ ലക്ഷങ്ങളാണ്. ശരീരത്തിൽ നീര് വരുന്നതാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. കൈകൾ, കാലുകൾ, മുഖം, കണ്ണിന് താഴെ എന്നിങ്ങനെ പലയിടത്തായി ശരീരം നീര് വയ്ക്കാൻ ആരംഭിക്കും.
ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നതും ക്ഷീണത്തിന് കാരണമാകും. ഇതും വൃക്കരോഗത്തിന്റെ ലക്ഷണമായാണ് വിദഗ്ധർ പറയുന്നത്. എപ്പോഴും തണുപ്പ് തോന്നുകയും ഒപ്പം തലചുറ്റലും തളർച്ചയും ഉണ്ടാകുന്നതാണ് മറ്റൊരു ലക്ഷണം.