ചെന്നൈ: ചെന്നൈയില്‍ അമിതവേഗതയിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച് വീഡിയോ മാധ്യമപ്രവര്ത്തകന് മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്.
പോണ്ടി ബസാര്‍ സ്വദേശിയായ പ്രദീപ് കുമാര്‍ ആണ് മരിച്ചത്. ഒരു പ്രമുഖ തെലുങ്ക് വാര്‍ത്താ ചാനലില്‍ ക്യാമറാമാനായിരുന്നു, കൂടാതെ നഗരത്തില്‍ പാര്‍ട്ട് ടൈം ഡ്രൈവറായും ജോലി ചെയ്തിരുന്നു.
മധുരവോയല്‍-താംബരം എലിവേറ്റഡ് ബൈപാസില്‍ അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിച്ചാണ് അപകടം. അപകടത്തിന് ശേഷം കാര്‍ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരാണ് അപകടവിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് തകര്‍ന്ന ഇരുചക്ര വാഹനം കണ്ടെത്തി.
ഇടിയുടെ ആഘാതത്തില്‍ നിന്ന് 100 മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ ആഡംബര കാര്‍ ഡ്രൈവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്, കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.