മലയാള സിനിമയില്‍ പുതു ചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍,കുഞ്ചാക്കോ ബോബന്‍,നയന്‍താര തുടങ്ങിയവരുമുണ്ട്.
മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസർമാരായ സുഭാഷ് മാനുവല്‍ സ്വിച്ച് ഓണും സി.ആര്‍.സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു. രാജേഷ് കൃഷ്ണ,സലിം ഷാര്‍ജ,അനുര മത്തായി,തേജസ് തമ്പി എന്നിവരും തിരി തെളിയിച്ചു.
 മോഹന്‍ലാല്‍ നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് തുടക്കമായി.ആൻ്റോ ജോസഫ് ഫിലിം കമ്പനിക്കായി ആന്റോ  ജോസഫ് പ്രൊഡ്യൂസറും, അൽ താരി മൂവിസിനായി സി.ആര്‍.സലിം, ബ്ലൂടൈഗേഴ്സ് ലണ്ടനായി സുഭാഷ്  മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്.  രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.  
രണ്‍ജി പണിക്കര്‍,രാജീവ് മേനോന്‍,ഡാനിഷ് ഹുസൈന്‍,ഷഹീന്‍ സിദ്ദിഖ്,സനല്‍ അമന്‍,രേവതി,ദര്‍ശന രാജേന്ദ്രന്‍,സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ,പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു.
ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍:ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്:രഞ്ജിത് അമ്പാടി, കോസ്റ്റിയൂം:ധന്യ ബാലകൃഷ്ണന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍:ലിനു ആന്റണി,അസോസിയേറ്റ് ഡയറക്ടര്‍:ഫാന്റം പ്രവീണ്‍.
ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍,തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡല്‍ഹി ,കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *