പത്ര പരസ്യത്തിലെ പോസ്റ്റുകൾ വ്യാജമെന്ന് സന്ദീപ് വാര്യർ; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം ജില്ലാ സെക്രട്ടറി

പാലക്കാട്: സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം നൽകിയ പത്ര പരസ്യത്തിലുള്ള തന്‍റെ പേരിലുള്ള ഫേയ്സ്ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സിപിഎം വർഗീയ വിഭജനം ലക്ഷ്യമിട്ട നൽകിയ പരസ്യമാണിത്. പത്ര പരസ്യങ്ങളിൽ വന്ന പല പോസ്റ്റുകളും വ്യാജമാണ്.  സിപിഎം  കൃത്രിമമായി നിർമ്മിച്ചതാണ് തന്റെ പേരിലുള്ള പോസ്റ്റുകളെന്നും സന്ദീപ് വാര്യര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് പത്രങ്ങള്‍ മാത്രം ഇതിനായി തെരഞ്ഞെടുത്തത് തന്നെ അതിന്‍റെ ഭാഗമാണ്. ബിജെപിയെ പോലെ സിപിഎമ്മും വർഗീയ  ധ്രുവീകരനത്തിന് ശ്രമിക്കുകയാണ്. ഇതിനെതിരെ പാർട്ടിയുമായി ആലോചിച്ച് പരാതി നൽകും. 

അതേസമയം, സന്ദീപിന്‍റെ പോസ്റ്റുകള്‍ തന്നെയാണ് പരസ്യത്തിലുള്ളതെന്നും അല്ലെന്ന് തെളിയിക്കട്ടെയെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞു. സന്ദീപ് പറഞ്ഞ കാര്യങ്ങൾ മാത്രമാണ് പരസ്യത്തിലുള്ളത്. തെറ്റായ കാര്യങ്ങൾ സിപിഎം പറഞ്ഞിട്ടില്ല. സിപിഎം വിദ്വേഷ പ്രചാരണം നടത്തുന്നില്ല. സന്ദീപിന്‍റെ മുൻകാല പോസ്റ്റുകള്‍ അല്ല അതെന്ന് സന്ദീപ് തെളിയിക്കട്ടെയന്നും ഇഎൻ സുരേഷ് ബാബു വെല്ലുവിളിച്ചു. പരസ്യത്തെ മറ്റൊരു നിലയിലേക്ക് തിരിച്ചുവിടുന്നത് നീച ബുദ്ധിയാണ്. ആര്‍എസ്എസ് വിട്ടുപോകില്ലെന്ന് സന്ദീപ് അമ്മയ്ക്ക് വാക്കുകൊടുത്തിട്ടുണ്ട്. സന്ദീപ് പറഞ്ഞ കാര്യം മാത്രമാണ് അതിലുള്ളത്.

ഞങ്ങള്‍ എന്ത് പരസ്യം കൊടുക്കണമെന്ന് ഞങ്ങളാണ് തീരുമാനിക്കുന്നതെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു. ഏത് ഉള്ളടക്കം ഏത് പത്രത്തിന് കൊടുക്കണമെന്ന് സിപിഎം തീരുമാനിക്കും. സന്ദീപിനെ സ്വീകരിച്ചപ്പോള്‍ ആർക്കാണ് ഷാൾ ഇട്ടതെന്ന് കെ. സുധാകരന് മനസിലായിട്ടില്ല.സന്ദീപിനാണോ ഷാൾ ഇട്ടത് എന്ന് സുധാകരന് മനസിലായിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സന്ദീപിനെ കാണിച്ച് തരാമെന്നാണ് കോൺഗ്രസിൽ ചിലർ ഉള്ളിൽ പറയുന്നതെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു. സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ സരിന് വോട്ടഭ്യര്‍ത്ഥിച്ചുള്ള പരസ്യത്തിലാണ് സന്ദീപ് വാര്യരുടെ മുൻകാല ഫേയ്സ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോച്ച് ചേര്‍ത്തുകൊണ്ട് സിപിഎം പരസ്യം നൽകിയത്. 

അതേസമയം, പത്ര പരസ്യത്തിൽ സന്ദീപിന് പിന്തുണയുമായി വികെ ശ്രീകണ്ഠൻ എംപി രംഗത്തെത്തി. വ്യാജ പരസ്യങ്ങളിൽ വീഴുന്നവർ അല്ല പാലക്കാട്ടെ വോട്ടർമാരെന്നും ജനം പുച്ഛിച്ചു തള്ളുമെന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു. സന്ദീപ് ആർഎസ്എസ് പശ്ചാത്തലം ഉള്ള ആൾ എന്ന് അറിയാത്തവർ ആരാണുള്ളത്. സന്ദീപ് കൊലക്കേസ് പ്രതിയല്ല. ഒകെ വാസു ഉൾപ്പടെ ഉള്ളവർ സിപിഎമ്മിലേക്ക് ചേർന്നത് ബിജെപിയിൽ നിന്നാണ്. സിപിഎം തല മറന്ന് എണ്ണ തേയ്ക്കുകയാണ്. സിപിഎമ്മും ബിജെപിയും  ഉയർത്തികൊണ്ട് വന്ന വിവാദങ്ങൾ നീർ കുമിള പോലെ പൊട്ടി പോയി.

വർഗീയ വിഷം തുപ്പുന്ന പരസ്യം എവിടെ വന്നാലും പരമ പുച്ഛത്തോടെ തള്ളിക്കളയുന്ന വോട്ടർമാരാണ് പാലക്കാട്‌. അവസാനത്തെ ബോംബ് സ്വന്തം പാളയത്തിൽ പൊട്ടി ആളപായമുണ്ടാകുമെന്നല്ലാതെ യുഡിഎഫിനെ ഒരു പോറൽ പോലും ഏല്പിനാകില്ല. സന്ദീപിന്‍റെ നിലപാട് എല്ലാവർക്കും അറിയാം. സന്ദീപ് രഹസ്യമായി തലയിൽ മുണ്ടിട്ടു വന്നതല്ല. സീറ്റ് കിട്ടാത്തതിന് തലയിൽ മുണ്ടിട്ടു പോയ സരിനെ പോലെയല്ല സന്ദീപ് വന്നത്. സീറ്റ് കിട്ടാതെ പിണങ്ങി പോന്നതല്ല. ബിജെപിയെ തള്ളിപ്പറഞ്ഞ് വന്നതാണ്. ബിജെപിക്ക് ഒപ്പം ചേർന്ന് വിദ്വേഷം പരത്തുകയാണെങ്കിൽ വലിയ വില ബിജെപിയും സിപിഎമ്മും പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിൽ നൽകേണ്ടി വരുമെന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു.

രണ്ടു മുന്നണികളും ഒരു വിഭാഗത്തെ പ്രീണിപ്പിച്ച് വോട്ട് കൈക്കലാക്കാനുള്ള ശ്രമത്തിലാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭാഗീയതയുണ്ടാക്കി വോട്ടുപിക്കുകയാണ്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതോടെ യുഡ‍ിഎഫ് അപകടത്തിലായി. വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് തലയിൽ വച്ചിരിക്കുന്ന അവസ്ഥയിലായെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 

‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ, കഷ്ടം’; കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപിനെതിരെ ഇടതുമുന്നണിയുടെ പത്ര പരസ്യം

 

By admin