പാലക്കാട്: ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പുതിയ വിവാദം. സുപ്രഭാതം, സിറാജ് ദിനപത്രങ്ങളില്‍ സന്ദീപ് വാര്യരുടെ മുന്‍കാല പ്രതികരണങ്ങള്‍ വെച്ചുകൊണ്ട് എല്‍ഡിഎഫ് നല്‍കിയ പരസ്യമാണ് അവസാന മണിക്കൂറുകളില്‍ പുതിയ അഭിവാദത്തിനും ചര്‍ച്ചയ്ക്കും തിരികൊളുത്തിയത്.
മുസ്ലിം സമുദായത്തിന്റെ ദിനപത്രങ്ങളിലാണ് പരസ്യം വന്നിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. സന്ദീപ് വാര്യരുടെ വിദ്വേഷ പ്രസംഗങ്ങള്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ ചര്‍ച്ചയാക്കുക ലക്ഷ്യമിട്ടാണ് ഇടതുമുന്നണി വോട്ടെടുപ്പിന്റെ തലേന്ന് പരസ്യം നല്‍കിയത് എന്ന് വ്യക്തമാണ്.
എല്‍ഡിഎഫിന്റെ കൗശലം നിറഞ്ഞ ഈ നീക്കത്തില്‍ ഞെട്ടല്‍ ഉണ്ടായെങ്കിലും കോണ്‍ഗ്രസ് ശക്തമായ പ്രതികരണങ്ങളിലൂടെ തിരിച്ചടി നല്‍കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ പ്രചരിപ്പിച്ച വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് സമാനമാണ് മുസ്ലിം ദിനപത്രങ്ങളില്‍ വന്ന പരസ്യം എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.
എല്‍ഡിഎഫിന്റേത് മര്യാദയില്ലാത്ത സമീപനമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ വിമര്‍ശിച്ചു. സന്ദീപ് വാര്യര്‍നിസ്വാര്‍ത്ഥനായ പൊതു പ്രവര്‍ത്തകനെന്നായിരുന്നു എ.കെ.ബാലന്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ സന്ദീപിന്റെ വര്‍ഗീയതയെ കുറിച്ച് പറയുന്നു.
എന്തൊരു മര്യാദ ഇല്ലാത്ത രാഷ്ട്രീയമാണിതെന്നാണ് സുധാകരന്റെ ചോദ്യം. സന്ദീപ് വാര്യരെ ഒപ്പം കിട്ടാന്‍ സിപിഎം അഗ്രഹിച്ചിരുന്നതല്ലേ എന്നും സുധാകരന്‍ പരിഹസിച്ചു. മുസ്ലിം മാനേജ്‌മെന്റ്കളുടെ പത്രത്തില്‍ വന്ന പരസ്യത്തിനെതിരെ ഷാഫി പറമ്പില്‍ എംപിയും ശക്തമായി പ്രതികരിച്ചു.
‘എല്‍.ഡി.എഫ് പരസ്യം വടകരയിലെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വേര്‍ഷനാണ്. വിഭാഗീയതയും വര്‍ഗീയതയും പ്രചരിപ്പിക്കാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നത്. ഈ പ്രകടിപ്പിക്കുന്നത് ബിജെപിക്ക് വേണ്ടിയുള്ള ആസ്വസ്ഥതയാണ്. ബിജെപിയില്‍ നിന്ന് ഒരാള്‍ കോണ്‍ഗ്രസിലേക്ക് പോകുമ്പോള്‍ സിപിഎം ആശങ്കപ്പെടുന്നതെന്തിനാണ്?
സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രതികരണം ആയിപോയി ഇത്. കെ.സുരേന്ദ്രന്റെ ടോണിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി സംസാരിക്കുന്നത്. ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും അപമാനിക്കുന്നതിന് തുല്യം ആയിപോയി ഈ പരസ്യം.ഇതിനുള്ള മറുപടി പാലക്കാട് നല്‍കും’ ഷാഫി പറമ്പില്‍ എം.പി പറഞ്ഞു.
വോട്ടെടുപ്പിന്റെ തലേന്ന് നല്‍കിയ പരസ്യം ചര്‍ച്ചയായത് എല്‍ഡിഎഫ് ക്യാമ്പില്‍ ആവേശം പകര്‍ന്നിട്ടുണ്ട്. മുസ്ലിം വിഭാഗത്തില്‍ ചര്‍ച്ചയാകേണ്ട വിഷയമാണ് പരസ്യത്തിലൂടെ പ്രചരിപ്പിച്ചത് എന്നും അത് ലക്ഷ്യം കണ്ടു എന്നുമാണ് സിപിഎം നേതാക്കളുടെ പ്രതികരണം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതികരണത്തെ ശക്തമായി നേരിടുകയാണ് സിപിഎം നേതാക്കള്‍ ചെയ്തത്.
എല്ലാ പത്രങ്ങളിലും പരസ്യം നല്‍കിയിട്ടുണ്ടെന്നും എന്തു കൊണ്ടാണ് രണ്ട് പത്രങ്ങളിലെ പരസ്യം മാത്രം ചര്‍ച്ച ചെയ്യുന്നതെന്നുമാണ് സിപിഎം നേതാക്കളുടെ ചോദ്യം.പരാജയ ഭീതി കൊണ്ടാണ് ഷാഫി പറമ്പില്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമം എന്നൊക്കെ പറയുന്നത്.സന്ദീപ് വാര്യരുടെ പോസ്റ്റുകള്‍ എല്ലാം അതേപടി ഫേസ്ബുക്കില്‍ നിലനില്‍ക്കുക അല്ലേയെന്നും സിപിഎം ചോദിക്കുന്നുണ്ട്.
സുപ്രഭാതം , സിറാജ് പത്രങ്ങളിലെ എല്‍.ഡി.എഫ് പരസ്യത്തെ വിമര്‍ശിച്ച് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും രംഗത്ത് വന്നു. എല്‍.ഡി.എഫിന്റെ പത്ര പരസ്യം ന്യൂനപക്ഷ വോട്ടുകള്‍ നേടാനാണ് സിപിഎം ശ്രമമെന്ന് കൃഷ്ണകുമാര്‍ വിമര്‍ശിച്ചു. ഇത് യു.ഡി.എഫിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.