കോട്ടയം: ശബരിമല തീർഥാടനം ആരംഭിച്ചതോടുകൂടി തേങ്ങാ വില കുതിച്ചുകയറുന്നു. മലചവിട്ടുമ്പോൾ നെയ്യ് നിറച്ചു കൊണ്ടുപോകുന്നതും മാര്‍ഗമധ്യേ തടസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഗണപതിക്കു സമര്‍പ്പിക്കാനുമെല്ലാം തേങ്ങാ നിര്‍ബന്ധമാണ്.
ശബരിമല സീസിണില്‍ എല്ലാക്കാലത്തും വില ഉയരാറുണ്ടെങ്കിലും ഇക്കുറി വില കുതിച്ചുകയറുകയാണ്. പലയിടങ്ങളിലും 70 രൂപ വരെ തേങ്ങയുടെ വില എത്തി നില്‍ക്കുന്നത്. ചിലയിടങ്ങളില്‍ വില 60 മുതൽ 66 രൂപ മാത്രമേ ഉള്ളുതാനും. ശബരിമല സീസണായതോടെ ചെറുകിട മാര്‍ക്കറ്റുകളില്‍ പച്ചതേങ്ങയ്ക്ക് ഡിമാന്റ് അനുദിനം വര്‍ധിക്കുകയാണ്.
ഉല്‍പാദനം കുറഞ്ഞതും ആവശ്യം വര്‍ധിച്ചതുമാണ് വില കൂടാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ശബരിമല സീസണ്‍ കൂടി തുടങ്ങുന്നതോടെ പച്ചത്തേങ്ങ വില 75 രൂപ വരെ ആയേക്കുമെന്നാണ് മൊത്ത വ്യാപാരികള്‍ നല്‍കുന്ന സൂചന.
ഓണാക്കാലത്തിന് ശേഷം തേങ്ങയ്ക്കു വില കുറഞ്ഞിട്ടില്ല. തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതായിരുന്നു വില കൂടാൻകാരണം. ഇതോടൊപ്പം നാട്ടില്‍ നാളികേരം കൃഷി ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറയാനും തുടങ്ങി.
തൊഴിലാളി ക്ഷാമമാണ് ഉല്‍പ്പാദനം കുറയാനുള്ള പ്രധാന കാരണം. പലയിടങ്ങളിലും തെങ്ങു കയറാന്‍ ആവശ്യത്തിന് ആളെക്കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. ഇതോടൊപ്പം ദൂരെ സ്ഥലങ്ങളില്‍ നിന്നു കൊണ്ടുവരുന്ന തൊഴിലാളികള്‍ക്കു ഇരട്ടി തുകയും നല്‍കണം. ഇതു കര്‍ഷകര്‍ക്കു കടുത്ത നഷ്ടം വരുത്തിവെക്കും.
കൂടാതെ തുടര്‍ച്ചായായി കൂമ്പുചീയല്‍ ഉള്‍പ്പടെയുള്ള രോഗബാധയും ചെല്ലിയുടെ ആക്രമണവും നാളികേര കര്‍ഷകര്‍ക്കു തിരിച്ചടിയായി മാറി. ഇതോടൊപ്പം ജൈവ -രാസ വളങ്ങളുടെ വില ഉയര്‍ന്നതും, കൃഷിഭൂമികള്‍ മറ്റാവശ്യങ്ങള്‍ക്കായി മറ്റുന്നത് വര്‍ധിച്ചതും കാരണം നാളികേര കൃഷിയില്‍നിന്ന് കര്‍ഷകര്‍ വലിയതോതിലാണ് പിന്തിരിഞ്ഞത്.
അതിനാല്‍ത്തന്നെ അടുത്ത വര്‍ഷങ്ങളിലായി നാളികേര ഉല്‍പാദനത്തില്‍ വലിയ കുറവാണുള്ളത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇപ്പോള്‍ വന്‍ തോതില്‍ നാളികേരളം എത്തിക്കുന്നത്. കേരളത്തില്‍ അവശേഷിക്കുന്ന കര്‍ഷകരാകട്ടേ കരിക്കിനു വേണ്ടിയാണ് കൂടുതലായും കൃഷി ചെയ്യുന്നതും