കൊച്ചി: യുവതിക്കു ‘ബോഡി ഷെയ്പ്’ ഇല്ലെന്നും അനുജന് യോജിച്ച പെണ്ണല്ലെന്നുമുള്ള സഹോദര ഭാര്യയുടെ കളിയാക്കലിനെതിരെ യുവതി നല്‍കിയ പരാതിയില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി.
കൂത്തുപറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് എ ബദറുദീന്‍ തള്ളി.
ഭര്‍തൃവീട്ടില്‍ സ്ത്രീകള്‍ക്ക് നേരെ ബോഡി ഷെയിമിങ് ഉണ്ടായാല്‍ അത് ഗാര്‍ഹിക പീഡന നിയമപ്രകാരം കുറ്റകൃത്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭര്‍തൃവീട്ടിലെ താമസക്കാരെയെല്ലാം ബന്ധുവായി കണക്കാക്കാം. അവര്‍ക്കെതിരെ ഗാര്‍ഹികപീഡന നിയമപ്രകാരം കുറ്റം ചുമത്താം. 
ശരീരത്തെ കളിയാക്കുന്നതും സര്‍ട്ടിഫിക്കറ്റ് പരിശോധനയും യുവതിയുടെ ശാരീരിക, മാനസികാരോഗ്യത്തെ ബാധിക്കുന്നതിനാല്‍ ഗാര്‍ഹിക പീഡനക്കേസ് നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
2019ല്‍ വിവാഹിതയായി ഭര്‍തൃവീട്ടില്‍ എത്തിയ യുവതിക്കു ‘ബോഡി ഷെയ്പ്’ ഇല്ലെന്നും അനുജന് യോജിച്ച പെണ്ണല്ലെന്നും സുന്ദരിയെ കിട്ടുമായിരുന്നുവെന്നും പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് ആരോപണം. 
ഡോക്ടറായ യുവതിക്ക് ശരിക്കും എംബിബിഎസ് ഉണ്ടോ എന്നു സംശയമുന്നയിച്ചതിനൊപ്പം ബിരുദ സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കി പരിശോധിക്കുകയും ചെയ്തു. ഇതോടെ അധിക്ഷേപം സഹിക്ക വയ്യാതെ യുവതി 2022 ല്‍ സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയി.
ഭര്‍ത്താവും ഭര്‍തൃപിതാവുമാണ് ഒന്നും രണ്ടും പ്രതികള്‍. ഇത്തരം ആരോപണങ്ങള്‍ ഗാര്‍ഹിക പീഡനമാകുമോ, ഭര്‍തൃസഹോദര ഭാര്യ ഗാര്‍ഹിക പീഡന നിയമത്തിന്റെ പരിധിയില്‍ വരുമോ എന്നീ നിയമ പ്രശ്‌നങ്ങളാണു കോടതി പരിശോധിച്ചത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *