ഡല്‍ഹി: മണിപ്പൂരിലെ പുതിയ അക്രമ സംഭവങ്ങള്‍ക്കിടയില്‍ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .ഡല്‍ഹിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
കുക്കി തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ആറ് പേരെ ജിരിബാമില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് താഴ്വരയില് പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ് എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.
നിരവധി എംഎല്‍എമാരുടെ വസതികളില്‍ ജനക്കൂട്ടം ഇരച്ചുകയറുകയും സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
തിങ്കളാഴ്ച ജിരിബാം ജില്ലയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള വെടിവയ്പ്പിന് ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ താമസിച്ചിരുന്ന മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും കാണാതായിരുന്നു, ഇവരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതാണെന്ന് മെയ്തേയ് സംഘടനകള്‍ ആരോപിച്ചു.
നവംബര്‍ 11 ന്, ഒരു സംഘം തീവ്രവാദികള്‍ ബോറോബെക്ര ഏരിയയിലെ ഒരു പോലീസ് സ്റ്റേഷന് ആക്രമിച്ചു. എന്നാല്‍ ആക്രമണം സുരക്ഷാ സേന പരാജയപ്പെടുത്തി 11 തീവ്രവാദികളെ കൊലപ്പെടുത്തി.
സ്ഥലത്തു നിന്നും പിന്‍വാങ്ങുന്നതിനിടെ പോലീസ് സ്റ്റേഷന് സമീപമുള്ള ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ഒരേ കുടുംബത്തിലെ മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ഇവരെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.