പാലക്കാട്: കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം പതിവില്ലാത്ത പല ശീലങ്ങളും പരീക്ഷിച്ചു വിജയിപ്പിക്കുന്നതിന് തെളിവാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം. കോണ്‍ഗ്രസില്‍ എത്ര ഉന്നതരായാലും ഒരു കാര്യം ആലോചിച്ചാല്‍ മിനിട്ടുകള്‍ക്കകം അങ്ങാടിപ്പാട്ടാകുന്നതാണ് ചരിത്രം.

എന്നാല്‍ ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേയ്ക്ക് എന്ന കാര്യം മാധ്യമങ്ങള്‍ പോലും അറിയുന്നത് പ്രതിപക്ഷ നേതാവിന്‍റെയും കെപിസിസി പ്രസിഡന്‍റിന്‍റെയും പത്ര സമ്മേളനത്തിന് ചില മിനിട്ടുകള്‍ക്ക് മുന്‍പ് മാത്രം.

പഴയ രീതിയിലാണെങ്കില്‍ സന്ദീപ് വാര്യര്‍ അക്കാര്യം അറിയും മുന്‍പ് അങ്ങാടിപ്പാട്ടാകും, മാധ്യമങ്ങള്‍ വാര്‍ത്തയാക്കും. അതിന് ശേഷമാകും നേതാക്കള്‍ സന്ദീപിനോട് കാര്യങ്ങള്‍ സംസാരിക്കുക. അതായത്, സന്ദീപിനെ കോണ്‍ഗ്രസിലേയ്ക്ക് കൊണ്ടുവരണം എന്ന് നേതാക്കള്‍ തമ്മില്‍ ധാരണയാകും മുന്‍പ് വാര്‍ത്ത ചോരും.

എന്നാല്‍ സന്ദീപ് ബിജെപിയോട് ഇടഞ്ഞിട്ട് ദിവസങ്ങളായിട്ടും ഒരാള്‍ പോലും അദ്ദേഹം കോണ്‍ഗ്രസിലേയ്ക്ക് പോകും എന്ന് പറഞ്ഞിട്ടില്ല. അതിന് സാഹചര്യം ഉള്ളതായിപോലും ആരും ചിന്തിച്ചില്ല. ഇതിനിടയില്‍ സിപിഎം സന്ദീപിനോടുള്ള ‘ഇഷ്ടം’ പരസ്യമാക്കുകയും ‘916’ തനി തങ്കമാണ് സന്ദീപ് എന്ന് പ്രശംസിക്കുകയുമൊക്കെ ചെയ്തു.

കോണ്‍ഗ്രസും സന്ദീപുമായി ധാരണയിലായത് കഴിഞ്ഞ ദിവസമാണ്. ചര്‍ച്ച അന്തിമ ഘട്ടത്തിലെത്തിയത് രണ്ടു ദിവസം മുമ്പും. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും മറ്റ് രണ്ട് നേതാക്കളും മാത്രമായിരുന്നു നീക്കങ്ങള്‍ അറിഞ്ഞത്. കെസി വേണുഗോപാലിനെ അറിയിച്ച് ഹൈക്കമാന്‍റിന്‍റെ അനുമതിയും വാങ്ങി.

ഇന്ന് രാവിലെ വിഡി സതീശനും കെ സുധാകരനും ചേര്‍ന്ന് പത്രസമ്മേളനം വിളിച്ചപ്പോഴും മാധ്യമങ്ങള്‍ക്കും അതില്‍ അസ്വഭാവികത തോന്നിയില്ല. ഒടുവില്‍ വാര്‍ത്താ സമ്മേളനം തുടങ്ങാന്‍ മിനിട്ടുകള്‍ ശേഷിക്കെ ആണ് ഒരു പ്രധാന നേതാവില്‍ നിന്ന് ഏഷ്യാനെറ്റിന് മാത്രം വാര്‍ത്ത ചോര്‍ന്നത്.

പക്ഷേ അതുവരെ അങ്ങനൊരു കാര്യം രഹസ്യമായി സൂക്ഷിക്കാന്‍ കഴിഞ്ഞത് വലിയ കാര്യം തന്നെ. ഇക്കാര്യം തങ്ങളുമായി ആലോചിക്കാതിരുന്നതിന് കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. പക്ഷേ അതിന്‍റെ ഉദ്ദേശശുദ്ധി വ്യക്തമായാല്‍ അവര്‍ക്കും കാര്യങ്ങള്‍ മനസിലാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *