പാലക്കാട്: ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ പ്രചാരണത്തിന്റെ അവസാന ദിനങ്ങളിൽ ബിജെപിക്ക് ശക്തമായ പ്രഹരം ഏൽപ്പിച്ചുകൊണ്ട് കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക്. ബിജെപി മുൻ സംസ്ഥാന വക്താവും സംസ്ഥാന സമിതി അംഗവുമായ സന്ദീപ് വാര്യരെ പാർട്ടി കൂടാരത്തിൽ എത്തിച്ചു കൊണ്ടാണ് കോൺഗ്രസ്, ബിജെപിക്ക് കനത്ത പ്രഹരം ഏൽപ്പിച്ചത്.
സിപിഎമ്മുമായും സിപിഐയുമായും ജനതാദൾ (എസ്) മായും സന്ദീപ് വാര്യർ ചർച്ച നടത്തിയിരുന്നതിനെപ്പറ്റി അറിവുണ്ടായിരുന്ന ബിജെപിക്ക് കോൺഗ്രസ് പ്രവേശനം അതുകൊണ്ടുതന്നെ അപ്രതീക്ഷിതമാണ്. ഇതര പാർട്ടികളിൽ നിന്ന് പുതിയ ആളുകളെ കൊണ്ടു വരുന്നതിൽ വലിയതോതിൽ താൽപ്പര്യം പ്രകടിപ്പിക്കാത്ത കോൺഗ്രസ് അതീവ രഹസ്യമായാണ് സന്ദീപ് വാര്യരെ കൂടെ കൂട്ടാനുള്ള നീക്കം നടത്തിയത്.

ചാനൽ ചർച്ചകളിൽ സന്ദീപ് വാര്യരുടെ എതിരാളിയായി ഏറ്റുമുട്ടിയിരുന്ന കെപിസിസി സെക്രട്ടറി ജോതികുമാർ ചാമക്കാലയാണ് രഹസ്യ നീക്കത്തിന് പിന്നിൽ മുഖ്യ പങ്കു വഹിച്ചത്. കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി സന്ദീപ് വാര്യരെ കൊണ്ടു വരാനുള്ള നീക്കങ്ങൾക്ക് പച്ചക്കൊടി വീശിയതോടെ നടപടികൾ വേഗത്തിലായി.

സാധാരണ രഹസ്യങ്ങൾ അതിവേഗം പുറത്താകാറുള്ള കോൺഗ്രസ് സന്ദീപ് വാര്യരെ കൊണ്ടുവരാനുള്ള നീക്കം അതീവ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ വിവരം ഇന്ന് രാവിലെ മാത്രമാണ് പുറത്തറിഞ്ഞത്. വിവരം ചോർന്നു കിട്ടിയ മാധ്യമ പ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ കോൺഗ്രസ് പ്രവേശന സാധ്യത പാടെ തള്ളിക്കളഞ്ഞ സന്ദീപ് വാര്യർ പുതിയ പാർട്ടിയുടെ അച്ചടക്കത്തിന് ഒപ്പം നിന്നു. 
പാലക്കാട് നിർണായക സ്വാധീനമുള്ള ബിജെപിക്ക് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം ബിജെപിക്ക് വലിയ തിരിച്ചടിയാണ്. ശോഭ സുരേന്ദ്രൻ സ്ഥാനാർത്ഥി ആകാത്തതിൽ മണ്ഡലത്തിലെ പാർട്ടിയിൽ വലിയതോതിൽ അസംതൃപ്തിയുണ്ട്. ഇതിന് പിന്നാലെയാണ് സന്ദീപ് വാര്യരുടെ മറുകണ്ടം ചാടൽ.

ബിജെപി പാലക്കാട് ഒറ്റക്കെട്ടല്ല എന്ന പ്രതീതിയാണ് ഇതെല്ലാം നൽകുന്നത്. വിജയ പ്രതീക്ഷയുള്ള പാലക്കാട് മണ്ഡലത്തിലെ സാധ്യതകളെ ഇത് ബാധിക്കുമോയെന്ന് പ്രവർത്തകർക്ക് വലിയ ആശങ്കയുണ്ട്. ദേശീയ കൗൺസിൽ അംഗവും പാലക്കാട്ടെ പ്രധാന നേതാവുമായ എൻ ശിവരാജൻ അടക്കമുള്ളവർ സന്ദീപ് വാര്യരുടെ പിണക്കം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ തിരഞ്ഞെടുപ്പു ഘട്ടത്തിൽ വിലപേശുന്ന സന്ദീപ് വാര്യരുടെ രീതി ഒരിക്കലും അംഗീകരിക്കാനാവില്ല എന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന നേതൃത്വം വഴങ്ങുന്നില്ലെന്നാ കണ്ടതോടെയാണ് സന്ദീപ് വാര്യർ സിപിഎമ്മുമായും സിപിഐയുമായും ചർച്ച തുടങ്ങിയത്.

സിപിഎം നേതൃത്വം ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങൾ ആളിക്കത്തിക്കുന്നതിനായി സന്ദീപ് വാര്യരെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാൽ സന്ദീപ് വാര്യരെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിൽ സിപിഎമ്മിലെ ഒരു വിഭാഗം എതിർപ്പ് ഉന്നയിച്ചു. മുസ്ലിം ന്യൂനപക്ഷത്തിന് എതിരായി വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ സന്ദീപ് വാര്യരെ പാർട്ടിയിലേക്ക് ക്ഷണിച്ചാൽ തിരിച്ചടിയുണ്ടാകും എന്ന് ചൂണ്ടിക്കാട്ടിയാണ് എതിർപ്പ് പ്രകടിപ്പിച്ചത്. ഇതോടെയാണ് സി.പി.എം സന്ദീപ് വാര്യർക്ക് വേണ്ടിയുള്ള ശ്രമം ഉപേക്ഷിച്ചത്.
എന്നാൽ സി.പി.എമ്മിൻ്റെ നഷ്ടം കോൺഗ്രസിന് നേട്ടമായി. പാലക്കാട് രണ്ടാംസ്ഥാനത്തുള്ള ബി.ജെ.പിക്ക് കനത്ത പ്രഹരം ഏൽപ്പിക്കാനായി എന്നതാണ് കോൺഗ്രസിന് ആവേശം പകരുന്നത്. ബിജെപി ക്യാമ്പ് ഭിന്നതയുടെ കൂടാരമാണെന്ന ആക്ഷേപം ശരിവെക്കപ്പെടാനും വാര്യരുടെ വരവ് സഹായകമായി.
അതുവഴി മതന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *