പാലക്കാട് : ഓസ്‌ട്രേലിയ ന്യൂ സീലന്‍ഡ് മാര്‍ക്കറ്റിംഗ് അക്കാദമി വാര്‍ഷിക കോണ്‍ഫറെന്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു മലയാളി. പാലക്കാട് തൃത്താല സ്വദേശിയായ ബിന്‍ഷാദ് വഹീദിനാണ് അവസരം ലഭിച്ചത്.
ഡിസംബര്‍ ആദ്യവാരം ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടില്‍ അരങ്ങേറുന്ന അന്താരാഷ്ട്ര കോണ്‍ഫെറെന്‍സിലേക്ക് ബിന്‍ഷാദിന് അവസരം ലഭിച്ചത്. ഇന്ത്യയിലെ പ്രഥമ ഐഐടിയായ ഐഐടി ഖരഗ്പുരിലെ വിനോദ് ഗുപ്ത സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ പി എച് ഡി വിദ്യാര്‍ത്ഥിയാണ് ബിന്‍ഷാദ്.
ലോകത്തിലെ വിവിധ പ്രധാന സര്‍വകലാശാലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ ‘സുസ്ഥിര വിപണനത്തിനായി നിര്‍മ്മിത ബുദ്ധി’ എന്നതാണ് ഈ വര്‍ഷത്തെ പ്രധാന വിഷയം.
കണ്‍സ്യൂമര്‍ ബിഹേവിയര്‍, ടൂറിസം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മാര്‍ക്കറ്റിംഗ് അനലിറ്റിക്‌സ് തുടങ്ങി 15 വിഷയങ്ങളാണ് കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യുന്നത്.
തൃത്താല മേഴത്തൂര്‍ സ്വദേശിയായ ബിന്‍ഷാദ് ബഷീറ – വഹീദ് ദമ്പതികളുടെ മകനാണ്. തൃത്താല ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്ന് ബിരുദവും, വളാഞ്ചേരി എം.ഇ.എസ്. കെവീയം കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ബിന്‍ഷാദ് അസിസ്റ്റന്റ് പ്രൊഫസറായും പ്രവര്‍ത്തിച്ചിരുന്നു. സ്‌കൂള്‍ ഓഫ് മാനേജ്മന്റ്‌ലെ റിസര്‍ച്ച് സ്റ്റുഡന്റ് കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധി കൂടിയാണ് ബിന്‍ഷാദ്.