കൊച്ചി: എഥനോൾ വാഹനങ്ങൾക്കുള്ള ഇന്ധനമായി ഉപയോഗിച്ചു തുടങ്ങിയതോടെ പഞ്ചസാരയുടെ വില കുതിക്കുന്നു. ആഭ്യന്തര വിപണിയിൽ പഞ്ചസാര വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങാൻ സാധ്യതയേറുകയാണ്. രാജ്യത്തെ എണ്ണ ഇറക്കുമതി ബിൽ വലിയ തോതിൽ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് വിവിധ ഇന്ധനങ്ങളിൽ 10 ശതമാനം എത്തനോൾ മിശ്രണം വേണമെന്ന നിബന്ധന പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയത്. രാജ്യാന്തര വിപണിയിൽ നിലവിൽ പഞ്ചസാര വില പന്ത്രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.
പഞ്ചസാരയുടെ ചില്ലറ വില നിലവിൽ കിലോഗ്രാമിന് 45 രൂപ മുതൽ 48 രൂപയാണെന്ന് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര വില പിടിച്ചു നിറുത്തുന്നതിനായി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പഞ്ചസാരയുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. അതിനാലാണ് വില ഇപ്പോഴും നിയന്ത്രണവിധേയമായി തുടരുന്നതെന്നും വ്യാപാരികൾ പറയുന്നു.
നവംബർ ഒന്നിനു ശേഷം വലിയ തോതിൽ എത്തനോൾ വാങ്ങുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികൾ കഴിഞ്ഞ ദിവസം പുതിയ ടെണ്ടർ വിളിച്ചിരുന്നു. വിവിധ ഇന്ധനങ്ങളിൽ ചേർക്കുന്നതിനായി 112 കോടി ലിറ്റർ എത്തനോൾ വിപണിയിൽ നിന്നും അടുത്ത ആറു മാസത്തിനുള്ളിൽ വാങ്ങാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലം കരിമ്പ് ഉത്പാദനത്തിൽ ഇടിവുണ്ടായതും ഇന്ധന ആവശ്യത്തിന് എത്തനോൾ ഉപയോഗം കൂടിയതും വിലക്കയറ്റ ഭീതി ശക്തമാക്കുന്നു. കരിമ്പ് കൃഷി നടക്കുന്ന പ്രധാന മേഖലകളായ മഹാരാഷ്ട്രയിലും കർണാടകയിലും ഇത്തവണ മഴ കാര്യമായി ലഭിക്കാത്തതിനാൽ ഉത്പാദനത്തിൽ ഇരുപത് ശതമാനം വരെ കുറവുണ്ടാകാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ. അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി 2003 മുതലാണ് ഇന്ത്യ വാഹനങ്ങളിൽ എത്തനോൾ ഉപയോഗിക്കുന്നതിന് ആവശ്യമായ നടപടികൾ തുടങ്ങിയത്.
പൂർണമായും എഥനോളിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ കാർ ഇന്ത്യയിലാണ്. ടൊയോട്ട നിർമ്മിച്ച കാർ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അടുത്തിടെ പുറത്തിറക്കി. നഗരങ്ങളിൽ 28 കിലോമീറ്ററും ദേശീയപാതകളിൽ 35 കിലേമീറ്ററും മൈലൈജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഭാരത് സ്റ്റേജ് 6 (ബി.എസ് 6) മാനദണ്ഡത്തിലുള്ള കാർ വൈദ്യുതിയിലും പ്രവർത്തിക്കും. നാല് സിലിണ്ടർ പെട്രോൾ എഞ്ചിനുമുണ്ട്. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണിത്. രാജ്യത്തെ എല്ലാ വാഹനങ്ങളും എഥനോളിലേക്ക് മാറുന്നതിനാണ് കാത്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കരിമ്പ്, ചോളം, ബാർളി തുടങ്ങിയവയിൽ നിന്നാണ് പ്രധാനമായും എഥനോൾ ഉത്പാദിപ്പിക്കുന്നത്. എഥനോൾ ഉപയോഗം വ്യാപകമായാൽ രാജ്യത്തെ കർഷകർക്കും അത് വൻ നേട്ടമാകും.
പെട്രോളിനേക്കാൾ കുറഞ്ഞ ചെലവിൽ തത്തുല്യമായ കാര്യക്ഷമത ഇത് വാഗ്ദാനം ചെയ്യുന്നു. കൃഷിയോഗ്യമായ ഭൂമിയുടെ ലഭ്യത, ഭക്ഷ്യധാന്യങ്ങളുടെയും കരിമ്പിന്റെയും ഉയർന്ന ഉൽപാദനം, സസ്യാധിഷ്ഠിത സ്രോതസ്സുകളിൽ നിന്ന് എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ, വാഹനങ്ങൾ എത്തനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നതിന് അനുസൃതമായി നിർമ്മിക്കുന്നത്. എഥനോൾ കലർന്ന ഗ്യാസോലിൻ ഉപയോഗിക്കുന്നത് കാർബൺ മോണോക്‌സൈഡ്, ഹൈഡ്രോകാർബൺസ്, ഓക്‌സൈഡ്‌സ് ഓഫ് നൈട്രജൻ തുടങ്ങിയ വാതക പുറന്തള്ളൽ കുറയ്ക്കും.
രാജ്യത്തെ എഥനോൾ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനായി, 2018 ജൂലൈയിലും 2019 മാർച്ചിലും സർക്കാർ ശർക്കരപ്പാവ് അധിഷ്ഠിത ഡിസ്റ്റിലറികൾക്കായി രണ്ട് പലിശ ഇളവ് പദ്ധതികൾ വിജ്ഞാപനം ചെയ്തിരുന്നു. പുതിയ ഡിസ്റ്റിലറികൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള ഡിസ്റ്റിലറികളുടെ വിപുലീകരണത്തിനുമായി 368 പദ്ധതികൾക്ക് ഡിഎഫ്പിഡി അംഗീകാരം നൽകി.
ഇതുവരെ 70 പഞ്ചസാര മില്ലുകൾക്ക് ഏകദേശം 3,600 കോടി രൂപയുടെ വായ്പകൾ ബാങ്കുകൾ അനുവദിച്ചിട്ടുണ്ട്. 102 കോടി ലിറ്റർ ശേഷി സൃഷ്ടിക്കുന്ന 31 പദ്ധതികൾ പൂർത്തീകരിക്കുകയും ചെയ്തു. രാജ്യത്ത് എഥനോൾ ശുദ്ധീകരണ ശേഷി വർധിപ്പിക്കാൻ ഡിഎഫ്പിഡി ഇത്തരത്തിൽ നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ട്.