ഡല്‍ഹി: രാജ്യത്ത് ആദ്യമായി 1000-ലധികം ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (സിഐഎസ്എഫ്) വനിതാ ബറ്റാലിയന് സ്ഥാപിക്കാനുള്ള തീരുമാനത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം.
സീനിയര്‍ കമാന്‍ഡന്റ് റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തില്‍ ആകെ 1,025 ഉദ്യോഗസ്ഥരുള്ള സിഐഎസ്എഫില്‍ ‘റിസര്‍വ് ബറ്റാലിയന്’ എന്ന പേരില്‍ പ്രത്യേക വനിതാ യൂണിറ്റിന് അനുമതി നല്‍കിക്കൊണ്ടുള്ള അനുമതി മന്ത്രാലയം പുറപ്പെടുവിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ 1.80 ലക്ഷത്തോളം വരുന്ന സേനയുടെ 7 ശതമാനത്തോളം സ്ത്രീകളാണ്.
പുതിയ ബറ്റാലിയനിലേക്കുള്ള നേരത്തെയുള്ള റിക്രൂട്ട്മെന്റിനും പരിശീലനത്തിനുമുള്ള ഒരുക്കങ്ങള്‍ സിഐഎസ്എഫ് ആരംഭിച്ചു. മുഴുവന്‍ വനിതാ ബറ്റാലിയനു വേണ്ടിയുള്ള പുതിയ ആസ്ഥാനത്തിനായുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
വിഐപി സുരക്ഷയില്‍ കമാന്‍ഡോകള്‍ ഉള്‍പ്പെടെയുള്ള വിവിധ റോളുകള്‍ നിര്‍വഹിക്കാനും വിമാനത്താവളങ്ങള്‍, ഡല്‍ഹി മെട്രോ തുടങ്ങിയവയുടെ സുരക്ഷ നിയന്ത്രിക്കാനും പ്രാപ്തമായ ഒരു എലൈറ്റ് ബറ്റാലിയന് സൃഷ്ടിക്കുന്നതിനാണ് പ്രത്യേക പരിശീലനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സിഐഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.