ഇംഫാല്‍: മണിപ്പൂരിലെ ജിരിബാമില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മെയ്തേയ് സമുദായത്തില്‍ നിന്നുള്ള രണ്ട് വൃദ്ധരെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രദേശത്ത് മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും ഉള്‍പ്പെടെ ഒരു കുടുംബത്തില്‍ നിന്നുള്ള ആറ് പേരെ കാണാതാവുകയും ചെയ്തു.
കാണാതായ ആറ് പേരും ഒരേ കുടുംബത്തില്‍ പെട്ടവരാണെന്ന് ജിരിബാമിലെ അപെക്സ് മെയ്റ്റി ബോഡിയായ ജിരി അപുന്‍ബ ലുപ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ആറ് സിവിലിയന്മാരെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് അഞ്ച് ജില്ലകളില്‍ സമ്പൂര്‍ണ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇംഫാല്‍ താഴ്വരയില് സംഘര്‍ഷം രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ട്.
കാണാതായവരെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം അസം റൈഫിള്‍സ്, സിആര്‍പിഎഫ്, സിവില്‍ പോലീസ് എന്നിവിടങ്ങളില്‍ നിന്നുള്ള അധിക ഉദ്യോഗസ്ഥരെ പ്രദേശത്ത് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.