ഫലസ്തീനികൾ എനിക്ക് അന്യരല്ല, അവരെന്റെ ഉറ്റവരും ഉടയവരുമല്ലെങ്കിലും മാനസികമായി അന്നും ഇന്നും ഞാനവരെ ആദരിക്കുന്നു, ബഹുമാനിക്കുന്നു. കാരണം അവരിൽ ചിലരായിരുന്നു എന്റെ റോൾ മോഡൽ, അവരിലൂടെയായിരുന്നു ഞാനാ ചരിത്രം പഠിച്ചത്. നാലു പതിറ്റാണ്ടുകാലത്തേ കൃത്യമായ ഇടപഴകളിലൂടെ എന്റെ കുവൈറ്റ് ജീവിതം ധന്യമാക്കിയതിൽ അവരിൽ ചിലർക്കുള്ള പങ്ക് ഞാനെങ്ങനെ മറക്കും.
ഏതൊരു യുദ്ധത്തിലും ആദ്യം മരിക്കുന്നത് “സത്യ”മായിരിക്കും. ഇറാഖ് കുവൈറ്റിൽ അധിനിവേശം നടത്തിയ ആദ്യനാളുകളിൽ അമേരിക്കയും സഃഖ്യകക്ഷികളും നടത്തിയ ഏറ്റവും വലിയ നുണ പ്രചാരണമായിരുന്നു ഇറാഖിൽ സദ്ദാം ഹുസൈന്റെ കൈയിൽ ആണവായുധം ഉണ്ടെന്നും അവ നശിപ്പിക്കണമെന്നതും. അതൊരു കല്ലുവെച്ച നുണയാണെന്ന് തെളിയാൻ വർഷങ്ങൾ ഏറെ എടുത്തിട്ടും അതിനുത്തരവാദികളായവരെ ശിക്ഷിക്കാനോ പഴിചാരാനോ  വിചാരണ ചെയ്യാനോ ലോകത്താരും മുന്നോട്ടുവന്നില്ലന്നതാണ് മറ്റൊരു സത്യം.
അന്ന് അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് ആയിരുന്നെങ്കിൽ ഇന്ന് അതേ രാജ്യത്തിന്റെ രാഷ്ട്രത്തലവനും ലോക പൊലീസുകാരനായി ചമയുന്ന ജോബൈഡൻ ഇസ്രായേലിൽ ഹമാസ് കുട്ടികകളുടെ തലയറുക്കുന്ന ചിത്രങ്ങൾ താൻ കണ്ട് ബോധ്യപ്പെട്ടതാണെന്ന് പതിവ് വാർത്താസമ്മേളനത്തിൽ പറഞ്ഞറിയിച്ചത് ലോക മനസ്സിനെ യഹൂദർക്കനുകൂലമാക്കാൻ വേണ്ടി മാത്രമായിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം സംഭവം അസത്യമാണെന്ന് വൈറ്റ്ഹൗസ് തിരുത്തേണ്ടി വന്നത് ചില വാർത്താ ഏജൻസികൾ അത് അവാസ്തവമാണെന്ന് എഴുതിയതോടെയാണ്.
കുവൈറ്റിലെ ഫലസ്തീനികൾ
കുവൈറ്റിൽ എന്റെ ആയോധന ജീവിതത്തിന്റെ ആദ്യനാളുകളിൽ ഞാൻ ജോലി ചെയ്തത് ഒരു പലസ്തീനിയോടൊപ്പമായിരുന്നു. അഹമ്മദിയിലെ അലിസായിഖ് കമ്പനിയിലെ വെളുത്തു തടിച്ച സുമുഖനായ എന്റെ ആദ്യത്തെ മാനേജർ ഇഹ്‌സാൻ അൽ-ഖുറാൻ. അധികനാൾ ആ ജോലിയിൽ എനിക്ക് തുടരാനാവാതെ പോയതിന് കാരണം ഇഹ്‌സാന്റെ തിരോധനമായിരുന്നു.
അയാൾ എവിടെ പോയെന്നോന്നും ഞാൻ അന്വേഷിച്ചില്ല. പക്ഷെ ഒരുകാര്യം ഞാൻ മനസ്സിലാക്കിയിരുന്നു. അയാൾ ഒരു ഫലസ്തീനി പോരാട്ട സംഘത്തിലെ അംഗമായിരുന്നു. ഇവിടെ ഫലസ്തീനികൾ കുടിയേറിപ്പാർത്തവരായിരുന്നെന്നും അവർക്ക് മാത്രം സ്വന്തമായ അവരുടെ നാട്ടിൽനിന്നും അവരെ ആട്ടിയോടിച്ചതാണെന്നുമുള്ള സത്യം എന്നിലേക്കെത്തിച്ചത് ഉപ്പയോടൊപ്പം മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റിയിൽ ജോലിചെയ്തിരുന്ന ആബിദ് അബ്ദുള്ളയിൽ നിന്നാണ്.
പിന്നീട് അറബികളുമായുള്ള ചങ്ങാത്തത്തിന്റെ വഴിത്താരയിൽ ഫലസ്തീനികളെകുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ഭാഗ്യവശാൽ കുവൈറ്റ് എയർവെയ്സിലെ സെയിൽസ് വിഭാഗത്തിൽ എനിക്കെത്തിച്ചേരാനായത് ബുദ്ധിശാലിയായ “ഇമാദ് അഖിൽ” എന്ന ഫലസ്തീനിയിലൂടെയാണെന്നതും പിന്നീടുള്ള എന്റെ ഔദ്യോഗിക ജീവിതത്തിൽ എന്റെ റോൾ മോഡലും വഴികാട്ടിയുമായത് ഇമാദ് അഖിൽ മാത്രമായിരുന്നു.
അദ്ദേഹത്തിലൂടെയാണ് യാസിർ അറഫാത് എന്ന പലസ്തീൻ പോരാളിയെ ഞാനൊരിക്കൽ പരിചയപ്പെടുന്നത്. പി.എൽ.ഓ.യുടെ ചെയർമാനായിരുന്ന യാസിർ അറഫാത് കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഇലക്ര്ടിസിറ്റിയിൽ ഒരു ജീവനക്കാരനായിരുന്നു.
ഫലസ്തീൻ കഥകൾ
ജോലിക്കിടയിലെ നീണ്ട ഇടവേളകളിൽ ഇമാദ് എനിക്ക് വിവരിച്ചുതന്ന അവരുടെ ജനതയുടെ ഒരു പാട് കഥകൾ ഈ (2023) ഒക്ടോബർ ഏഴ് മുതൽ എന്റെ മനസ്സിന്റെ പേജുകളെ പുറകോട്ട് വായിക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. അക്രമപരവും നീതിരഹിതവുമായി സ്വന്തം വീട്ടിൽനിന്നും നാട്ടിൽനിന്നും ബലാൽക്കാരമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഇമാദിന്റെ കൂട്ടുകുടുബങ്ങൾ ഉണ്ടായിരുന്നു, സുഹൃത്തുക്കളുണ്ടായിരുന്നു.
അവർക്കുമാത്രമായി അടയാളപ്പെടുത്തിയ പ്രദേശത്തുനിന്നും നായ്‌ക്കളെ പോലെ ആടിയോടിച്ചതിൽ പരശ്ശതം നിരാലംബരായ ഫലസ്തീനികളുണ്ടായിരുന്നു. വർഷങ്ങളോളം നീണ്ടുനിന്ന പോരാട്ടങ്ങളുടെ കരളലയിക്കുന്ന സംഭവങ്ങളിലൂടെയാണ് “ഹമാസ്” എന്ന പ്രസ്ഥാനം രൂപം പ്രാപിക്കുന്നത്. അവർ തീവ്രവാദികളല്ല, യഹൂദരുടെ ഹീനമായ അധിനിവേശത്തിൽ മനം നൊന്ത ഒരു ജനതയുടെ ചെറുത്ത് നില്പിനുവേണ്ടി 1987-ൽ രൂപം കൊണ്ടതാണ് ഹമാസ്.
“നക്ബ” എന്നപേരിൽ അറിയപ്പെട്ട കൂട്ടപലായനത്തിന് തുടക്കം കുറിച്ചത് ഇസ്രയേലികളായിരുന്നു. എട്ടുലക്ഷം പലസ്തീനികളാണ് അന്ന് സ്വന്തം നാട്ടിൽനിന്നും ആട്ടിയോടിക്കപ്പെട്ടത്. ഇഹ്സാൻ അൽ-ഖുറാനും, ആബിദും, ഇമാദ് അഖിലും യാസിർ അറഫാത്തും ഒരു പക്ഷെ ഇവരിൽ പെട്ടവരായിരിക്കാം.
ചരിത്രമുറങ്ങുന്ന ഭൂമി
ജറുസലേമിന്റെ ഇസ്ലാമികവൽക്കരണത്തിന് അടിത്തറയിട്ടത് ലെവന്റ് മുസ്ലീം അധിനിവേശത്തിലൂടെയാണ്. രണ്ടാം റാഷിദൂൻ ഖലീഫയായ ഉമർ ഇബ്നു അൽ-ഖത്താബിന്റെ കീഴിലുള്ള റാഷിദൂൻ ഖിലാഫത്ത് സിഇ 638 ൽ നഗരം ഉപരോധിക്കുകയും പിടിച്ചെടുക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇത് ആരംഭിച്ചത്.
1187-ലെ ഹാറ്റിൻ യുദ്ധത്തിൽ ഒന്നാം കുരിശുയുദ്ധത്തിനുശേഷം സ്ഥാപിതമായ ക്രിസ്ത്യൻ രാജ്യമായ ജറുസലേം രാജ്യത്തിന്റെ പതനത്തിന് ശേഷമാണ് ഇസ്ലാമികവൽക്കരണത്തിന്റെ രണ്ടാം തരംഗം ഉണ്ടായത്. 1291-ൽ കുരിശുയുദ്ധ രാഷ്ട്രങ്ങളുടെ പതനം ഏതാണ്ട് ഒരു കാലഘട്ടത്തിലേക്ക് നയിച്ചു. ഏഴ് നൂറ്റാണ്ടുകളോളം നീണ്ടുനിന്ന തടസ്സമില്ലാത്ത മുസ്ലീം ഭരണം, അയ്യൂബിദ്, മംലൂക്ക്, ആദ്യകാല ഓട്ടോമൻ കാലഘട്ടങ്ങളിൽ ഒരു പ്രബലമായ ഇസ്ലാമിക സംസ്കാരം ഈ പ്രദേശത്ത് ഏകീകരിക്കപ്പെട്ടു.
ഓട്ടോമൻ കാലഘട്ടത്തിന്റെ അവസാനത്തോടെ, ജറുസലേമിന്റെ ജനസംഖ്യാശാസ്‌ത്രം കൂടുതൽ സംസ്‌കാരമുള്ളതായി മാറുകയും 19 -ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ജൂത ഭൂരിപക്ഷ സ്വഭാവം വീണ്ടെടുക്കുകയും ചെയ്‌തു. പിന്നീട് ഇത് റോമൻ കാലഘട്ടം മുതൽ ഈ മേഖലയിലെ ജൂത സാന്നിധ്യം ഏറെക്കുറെ അവസാനിപ്പിച്ചു.
പക്ഷെ, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലം ലോകത്താകമാനം റിവൈവലിസ്റ്റ് മൂവ്മെന്‍റ് പടർന്ന് പിടിച്ചു. തിയോഡർ ഹെർസ് (TheodorHerzl) എന്ന ജൂത നേതാവിന്റെ തലയിൽ ഒരാശയം മുളപൊട്ടുന്നു. ജൂതർക്ക് മാത്രമായി ഒരു രാഷ്ട്രം. അതായിരുന്നു സയോണിസ്റ്റ് മൂവ്മെന്റിന്റെ തുടക്കം.
ജൂതരാഷ്ടം എന്നആശയം ശക്തമാകുമ്പോഴും അത് പലസ്തീൻ തന്നെയാവണം എന്നൊരു നിർബന്ധവും അവർക്കുണ്ടായിരുന്നുമില്ല. അർജ്ജന്റീനയുടെ ഒരു പ്രദേശം വിലകൊടുത്തു വാങ്ങി അവിടെ തങ്ങളുടെ മാത്രമായ ഒരു രാഷ്ടം എന്നായിരുന്നു ആദ്യം ചിന്തിച്ചത്‌.
ഒന്നാം ലോകമഹായുദ്ധം (1914 – 1918) പലസ്തീൻ, സിറിയ ഉൾപ്പെടെയുള്ള അറബ് പ്രദേശങ്ങളെല്ലാം ഓട്ടോമൻ തുർക്കികളുടെ അധീനതയിൽ. ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടനും സഖ്യകക്ഷികളായും വിജയിച്ചാൽ ലെബനോണും സിറിയയും ഉൾപ്പെടുന്ന പ്രദേശങ്ങൾ ഫ്രാൻസും, പലസ്തീനും ജോർദാനും ഉൾപ്പെടുന്നപ്രദേശനങ്ങൾ ബ്രിട്ടനും കൈവശംവെയ്ക്കാൻ ഇരുകൂട്ടരും ധാരണയാകുന്നു.
സൂയസ് കനാൽ വഴിയുള്ള കച്ചവടം സുഖമമാക്കാൻ ബ്രിട്ടൻ ആഗ്രഹിച്ചു. യുദ്ധത്തിൽ അവർ വിജയിച്ചതോടെ ഫലസ്തീൻ ഇടത്താവളമായാൽ അവരുടെ കച്ചവടം തകൃതിയാക്കാൻ അവർക്കു സാധിക്കുമായിരുന്നു.
അങ്ങനെയാണ് ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറിയായിരുന്ന ആർതർ ജെയിംസ് ബാൽഫറിന്റെ കുപ്രസിദ്ധമായ 1917-ലെ ബാൽഫർ വിളംബരം വരുന്നത്. ആ വിളമ്പരത്തിൽ കൃത്യമായി പറയുന്നു പലസ്തീനെ ഒരുജൂത രാഷ്ട്രമാക്കി മാറ്റുക (The reconstruction of palestine as a Jewish state). അങ്ങിനെ 1920 കളിൽ ബ്രിട്ടനിൽ ഉൾപ്പടെ ഒരു വലിയ ശക്തിയായി കഴിഞ്ഞിരുന്ന ജൂതരെ അവിടെനിന്നും ഒഴിവാക്കുകയും ഒപ്പം ഇസ്രായേലിൽ ആധിപത്യം തുടരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടും കൂടി ജൂത ജനതയുടെ പാലസ്തീൻ കുടിയേറ്റത്തെ ബ്രിട്ടൻ പ്രോൽസാഹിപ്പിക്കുന്നു.
ജൂതകുടിയേറ്റം
ബ്രിടീഷുകാരാൽ പിടിച്ചെടുത്ത ഇത്തിരിയിടം പിന്നീടൊരു സ്വതന്ത്ര രാഷ്ട്രമായി സ്വയംപ്രഖ്യാപിക്കുന്നു. ലോകത്തെവിടെയുമുള്ള ജൂതർക്ക് ഇസ്രായേയേലിലേക്ക് കുടിയേറാം എന്ന നിയമം കൊണ്ടുവരുന്നു. അമേരിക്കയും ജർമ്മിനിയും എല്ലാം അവരെ സാമ്പത്തികമായി വലിയ തോതിൽ സഹായിക്കുന്നു. അങ്ങിനെ അവർ ഒരു വലിയ സാമ്പത്തിക ശക്തിയായി വളരുന്നു.
പലസ്ഥീനികളാവട്ടെ സ്വന്തം മണ്ണിൽ നിന്നും കുടിയിറക്കപ്പെടുകയും കൊന്നൊടുക്കപ്പെടുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. സയണിസ്റ്റ് കുടിയേറ്റ കോളനി പദ്ധതിയാണ് 1948-ലെ “നക്ബയിൽ” ചെന്നെത്തിയത്. പക്ഷെ, അത് താത്കാലികമായിരുന്നില്ല. പടിഞ്ഞാറൻ മനസ്സുകളിൽ രൂഢമൂലമായ ആ  കുടിയൊഴിപ്പിക്കൽ ഇന്നും നിർബാധം തുടരുന്നു.
കനാന്‍ എന്ന ഇസ്രായേൽ
ചരിത്രപരമായ കാലഘട്ടത്തെ ആശ്രയിച്ച്, ഇസ്രായേലിന്റെ പഴയ പേര് കനാൻ അല്ലെങ്കിൽ പലസ്തീൻ എന്നായിരുന്നു. “ഇസ്രായേൽ” എന്ന പേര് ഹീബ്രു ബൈബിളിൽ നിന്നാണ് വന്നത്, അവിടെ ഗോത്രപിതാവായ യാക്കോബ് ഒരു മാലാഖയുമായി ഗുസ്തി ചെയ്തതിന് ശേഷം നൽകിയ പേരാണെന്ന് പറയപ്പെടുന്നു.
ഇസ്രായേൽ യാഥാർത്യമായപ്പോള്‍
1948-ൽ ഫലസ്തീനിലെ ബ്രിട്ടീഷ് അധികാരം അവസാനിച്ചതിനെ തുടർന്ന് ആധുനിക ഇസ്രായേൽ രാഷ്ട്രം സ്ഥാപിതമായി. അക്കാലത്ത്, “സ്റ്റേറ്റ് ഓഫ് ഇസ്രായേൽ” എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു. ഈ പ്രദേശത്തിന്റെ യഹൂദ പൈതൃകത്തെയും പുരാതന ഇസ്രായേൽ രാജ്യവുമായുള്ള ബന്ധത്തെയും പ്രതിഫലിപ്പിക്കുന്നതിനാണ് ഈ പേര് തിരഞ്ഞെടുത്തത്.
ബ്രിട്ടീഷ് അധികാരികൾ ഉപയോഗിച്ചിരുന്നതും ഈ പ്രദേശത്തെ അറബ് ജനസംഖ്യയുമായി ബന്ധപ്പെട്ടിരുന്നതുമായ “പാലസ്തീൻ” എന്ന പേരിൽ നിന്ന് ഒരു ഇടവേളയും ഇത് സൂചിപ്പിച്ചു. അതേവർഷം തന്നെ യുനൈറ്റഡ് നേഷൻസ് പലസ്തീനെവിഭജിച്ച്, പലസ്തീൻ എന്നും ഇസ്രായേൽ എന്നും രണ്ടു രാജ്യങ്ങളാക്കുമ്പോൾ കേവലം 36% വരുന്ന ജൂതർക്ക് 56% ഭൂമിയും, 68% വരുന്ന അറബികൾക്ക് 42% ഭൂമിയുമാണ് നൽകിയത്.
ജറുസലേം പ്രദേശം ഐക്യ രാഷ്ട്രസഭയുടെ കീഴിൽ നിലനിർത്താനും തീരുമാനിക്കുന്നു. എന്നാൽ ജറുസലേം ഉൾപ്പടെയുള്ള പ്രാദേശം ഇസ്രായേൽ കൈയടക്കുകയും ഇസ്രയേലിന്റെ തലസ്ഥാനമായി അവർ ജറുസലേമിനെ കാണുകയും ചെയ്യാൻ തുടങ്ങി.
തലസ്ഥാന മാറ്റം
അമേരിക്കയുടെ മുൻ പ്രസിഡണ്ട്  റൊണാൾഡ്‌ ട്രംപ് 2018-ൽ അത് യാഥാർഥ്യമാക്കി. ഒരു പടികൂടി കടന്നെത്തി ട്രംപ് ചില ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്രം സ്ഥാപിക്കച്ചെടുക്കുകയും ചെയ്തു. പക്ഷെ അതൊരു കെണിയായിരുന്നെന് മനസ്സിലായത് ജോബൈഡൻ-നെതന്യാഹു ക്ലാസിക്കൽ കെട്ടിപ്പിടുത്തം ഇയ്യടുത്ത ദിവസം ടെൽഅവീവ് എയർപോർട്ടിൽ കണ്ടപ്പോഴാണ്.
വാഷിംഗ്ടണിലെ ഓവൽ  മുറിയിലിരുന്ന് ഐക്യദാർഢ്യം ലോകത്തോട് പറയാനുള്ള സംവിധാനം ഉണ്ടായിരിക്കെ പതിനാലുമണിക്കൂർ യാത്ര ചെയ്തെത്തിയതിനു പുറകിൽ വ്യക്തമായ ഒരു സയണിസ്റ്റ് അജണ്ടതുണ്ടെന്ന് ഇന്ന് ലോകം മനസിലാക്കുന്നു. ഫലസ്തീനിനെയും അതിലെ ജനതയെയും എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യുകയെന്നത് പടിഞ്ഞാറിന്റെ ഫലസ്തീൻവിരുദ്ധതക്ക് ആക്കം കൂട്ടുന്നു.
ഇരട്ട പൗരത്വം
“ഇസ്രായേൽ” എന്ന പേര് രാജ്യത്തിന്റെ ഔദ്യോഗിക നാമമായി വ്യാപകമായി അംഗീകരിക്കപ്പെട്ടു എന്നിരുന്നാലും മതപരമായ സന്ദർഭങ്ങളിൽ ഇത് ഇപ്പോഴും “വിശുദ്ധ ഭൂമി” അല്ലെങ്കിൽ “വാഗ്ദത്ത ഭൂമി” എന്ന് വിളിക്കപ്പെടുന്നു. ഏകദേശം അറുപതു ലക്ഷം യഹൂദരെ ഹിറ്റ്ലർ കൂട്ടക്കൊല ചെയ്തശേഷം അവശേഷിക്കുന്നവരെ സംരക്ഷിക്കാനായി അവർക്കൊരിടം നൽകിയതാണ് അറബികൾ ചെയ്ത തെറ്റ് എന്നുവേണമെങ്കിൽ പറയാം.
അങ്ങനെ യഹൂദ മതസ്ഥരായ ഒരു വിഭാഗം ജനതയെ ഫലഭൂയിഷ്ഠമായ ഒരിടത്തു സ്ഥാപിക്കുകയെന്നത് ബ്രിട്ടീഷുകാരുടെ കുതന്ത്രമായിരുന്നു. ഒരു മതത്തെ മാത്രമല്ല അവർ സ്ഥാപിച്ചിരിക്കുന്നത് ഒരു ജൂത രാഷ്ട്രമാണ്. ലോകത്തെവിടെയുമുള്ള ഒരു മുസ്ലീമിന് ഏതെങ്കിലുമൊരു മുസ്ലീം രാഷ്ട്രത്തിലേക്ക് വെറുതെ ചെല്ലാനാവില്ല, മുസ്ലീമാണ് എന്ന കാരണത്താൽ അയാൾക്ക് അവിടുത്തെ പൗരത്വം ലഭിക്കുകയുമില്ല.
എന്നാൽ ലോകത്തെവിടെയുമുള്ള ഒരു ജൂതന് ഇസ്രായേലിലേക്ക് കുടിയേറാം, യാതൊരു നിബന്ധനകളുമില്ലാതെ അവന് അവിടുത്തെ പൗരനുമാകാം. അതോടൊപ്പം അവർക്കു ഇരട്ട പൗരത്വവും ലഭിക്കുന്നു. അവർ ഒരേ സമയം അമേരിക്കക്കാരനും യൂറോപ്യനുമാകുന്നു.
എന്തുകൊണ്ട് ഫലസ്തീനികൾ പോരാട്ടം തുടങ്ങിയെന്നത് നാമാലോചിക്കണം. പിറന്ന നാട്ടിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവനു വേണ്ടി ശബ്ദമുയർത്തി പോരാടിയെങ്കിൽ അവരെങ്ങനെ ഭീകരവാദികളാവും. രണ്ടായിരത്തി എഴുന്നൂറോളം വർഷങ്ങളുടെചരിത്രമുള്ള പലസ്തീൻ ജനതയെ ഒരു “ബാൽഫർ” വിളംബരത്തിലൂടെ ഒറ്റയടിക്കില്ലാതാക്കിയതോടെയാണ് അവർ പൊരുതാൻ തുടങ്ങിയത്.
അന്ന് അവരുടെ കൈയിൽ ആയുധങ്ങളില്ല, പകരം മരുഭൂമിയിലെ ഉരുളൻ കല്ലുകളും വടിക്കഷ്ണങ്ങളും കൊണ്ട് ആയുധ ധാരികളായ ജൂതരെ അവരുടെ മണ്ണിൽനിന്നും എറിഞ്ഞോടിക്കാൻ നിസ്സഹായരായ ആബാലവൃദ്ധം ജനങ്ങൾ ഒരുമ്പെട്ടെങ്കിൽ അതവരുടെ അവകാശമായിരുന്നു. പക്ഷെ, മറുവശത്തുനിന്നും അവരെ നേരിട്ടത് ഒരു ജനതയെ സ്വന്തം നാട്ടിൽ നിന്നും ഉന്മൂലനം ചെയ്യാനുള്ള പുറപ്പാടോടെ ആയിരുന്നു. അമേരിക്കയും ബ്രിട്ടനും അതുകൊണ്ടു തന്നെ ഇസ്രയേലിനെ ആയുധാമണിയിച്ചു.
ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം ന്യായീകരിക്കാനാവില്ലെങ്കിലും എഴുപത്തഞ്ചു വർഷമായി സമാധാനത്തിനായി, സ്വന്തം ഭൂമിക്കായി കാത്തിരിക്കുന്ന ഒരു ജനതയുടെ സ്വാഭാവിക പ്രതികരണപോരാട്ടം എന്നതിലുപരി അതൊരു ഭീകരാക്രമണമായി കാണാൻ സാധിക്കുമോ ?
കെട്ടുകണക്കിനു യു.എൻ പ്രമേയങ്ങളെയും അതിലുപരി താക്കീതുകൾക്കും പുല്ലുവില കൽപ്പിക്കുന്ന, ആധുനിക ആയുധങ്ങളുമായി നിസ്സഹായരായ ഒരു ജനതയെ അവരുടെ ഭൂമികയിൽനിന്നും വിരട്ടിയോടിച്ച്‌ സ്ത്രീകളെയും പിഞ്ചുകുട്ടികളെയും അറുകൊല ചെയ്യന്നത് ലോകം നിശ്ശബ്ദമായി നോക്കിക്കാണുകയും നിവൃത്തിയില്ലാതെ ഒന്ന് കൈയോങ്ങിയപ്പോൾ പടിഞ്ഞാറിന്റെ സകല സഹതാപവും ഇസ്രായേലിനു നേരിട്ടും അല്ലാതെയും എത്തിച്ചേർന്നത് ഏകപക്ഷീയമല്ലെങ്കിൽ മറ്റെന്താണ് ?
യുദ്ധംകൊണ്ട് എന്ത് നേട്ടം
എന്റെ ബാല്യകൗമാരത്തിൽ പരിചയപ്പെട്ട ഇഹ്‌സാൻ ഖുറാനും, ആബിദ് അബ്ദുള്ളയും, ഇമാദ് അഖിലും, യാസിർ അറഫാത്തും ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷെ അവരുടെ പാരമ്പര്യം നിലനിർത്താനായി പോരാടാൻ അവരുടെ മക്കളും കൊച്ചുമക്കളും ഒരുപക്ഷെ ഈ പോരാട്ടക്കൂടാരത്തിൽ പങ്കുചേരുന്നുണ്ടാവും. അവരോടുള്ള ഐക്യദാർഢ്യം ഈ വരികൾക്കപ്പുറത്താണെന്ന് ഞാൻ മനസിലാക്കുന്നു.
രണ്ട് ഗൾഫ് യുദ്ധങ്ങൾ നേരിൽ കണ്ട വേദനാജനകമായ അനുഭവം എന്റെ മനസ്സിന്റെ നിറംമങ്ങിയ കോണിൽ ഇന്നും മായാതെ കിടപ്പുണ്ട്. യൂദ്ധം സമൂഹത്തെയും കുടുംബങ്ങളെയും നശിപ്പിക്കുന്നു, അത് രാജ്യത്തിൻറെ പുരോഗതിയെയും സാമൂഹ്യമായ ചലനങ്ങളെയും ഇല്ലാതാക്കുന്നു. യുദ്ധാനന്തരം ദീർഘകാല മാനസികവും ശാരീരികവുമായ മുറിവുകൾ ഉണ്ടാവുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥ ലോകത്തെമ്പാടും അരങ്ങേറുന്നു. മനുഷ്യ ഭിഭവശേഷി കുറഞ്ഞു വരുന്നു. മനുഷ്യ ജീവിതം ദുസ്സഹമാക്കുന്നു.
യുദ്ധത്തിൽ സംഭവിക്കുന്ന മരണങ്ങൾ ഒരു ഒഴുകുന്ന ഹിമക്കുന്നാണ്. (Death as a result of war is simply the tip of the iceberg), പക്ഷെ തുടർന്നുണ്ടാവുന്ന ദീഘകാല ഭവിഷ്യത്തുകളെ വൻശക്തികൾ ഓർക്കുന്നില്ലന്നതാണ് സത്യം. “നശിപ്പിക്കുക വീണ്ടും നിർമ്മിക്കുക” (destroy and construction) അതുമാത്രമാണ് വൻശക്തികളുടെ ലക്ഷ്യം.
എങ്കിൽ മാത്രമേ അവരുടെ കച്ചവടം തകൃതിയായി നടക്കുള്ളൂ എന്നതിൽ ചുരുങ്ങിപ്പോയി നമ്മുടെ ലോകം. യുദ്ധത്തോട് വിട പറയുന്ന ഒരു നാളിനായി പ്രാർത്ഥിക്കാം. 23 ലക്ഷം വരുന്ന ഗസ്സാ നിവാസികളെ ഒറ്റയടിക്ക് ഉന്മൂലനം ചെയ്യാനായി കാവൽ നിർത്തിയ മൂന്നുലക്ഷം കരസൈന്യങ്ങളും പടുകൂറ്റൻ യുദ്ധ ടാങ്കുകളും ഗസ്സയിലേക്കും മാറ്റതിർത്തിയിലേക്കും ചലിക്കാതിരിക്കട്ടെ എന്ന് നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം. “നോ ടു വാർ” അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം…

By admin

Leave a Reply

Your email address will not be published. Required fields are marked *