ആമ്പല്ലൂർ: ശതാബ്ദി ആഘോഷിയ്ക്കാൻ ഒരുങ്ങുന്ന ഉദയംപേരൂർ മത്സ്യ തൊഴിലാളി സഹകരണ സംഘം ലിമി. നമ്പർ 748 ജീവനുള്ള മത്സ്യ വിൽപ്പന കേന്ദ്രം ആരംഭിക്കുന്നു. എറണാകുളം ജില്ലയിൽ ആമ്പല്ലൂർ പഞ്ചായത്തിലെ കാഞ്ഞിരമറ്റം ചിറയ്ക്കലിൽ ആണ് മത്സ്യ വിൽപ്പന കേന്ദ്രം ആരംഭിക്കുന്നത്.
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പിഎംഎംഎസ്‌വൈ) പ്രകാരം മത്സ്യ ഫെഡുമായി സഹകരിച്ചാണ് നവജീവൻ ഫിഷ് മാർട്ട് എന്ന് പേരിൽ ലൈവ് ഫിഷ് വെൻഡിംഗ് സെന്റർ തുടങ്ങുന്നതെന്ന് ഉദയംപേരൂർ മത്സ്യ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ടി.രഘുവരൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജീവനുള്ളതും ഗുണമേന്മ ഉറപ്പുവരുത്തുന്നതുമായ മത്സ്യം ഉപഭോക്താക്കളിൽ എത്തിയ്ക്കുക എന്നതാണ് ഈ വിൽപ്പന കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ആദ്യമായാണ് ഒരു സഹകരണ സ്ഥാപനം ഇതുപോലെ ഒരു സംരംഭം ആരംഭിയ്ക്കുന്നത് എന്ന് രഘുവരൻ എടുത്ത് പറഞ്ഞു.
റെഡി ടു കുക്കും, റെഡി ടു ഈറ്റും, മത്സ്യ അച്ചാറുകളും, മസാലകളും തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ ഇവിടെ ഒരുക്കുന്നതാണ്. വിൽപ്പന കേന്ദ്രത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി ആരംഭിയ്ക്കാനും ഉദ്ദേശം ഉണ്ട്. അതിനായി വാട്സ് ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കും.
2023 ഒക്ടോബർ 28 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് കേരള ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ വിപണന കേന്ദ്രത്തിന്റെ ഔപചാരികമായ ഉൽഘാടനം നിർവ്വഹിയ്ക്കും. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനപ്രതിനിധികളും, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ആശംസകൾ നേരും.
മുളന്തുരുത്തി നെഫ്റ്റ് റസ്റ്റോറന്റ് ഹാളിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ടി.രഘുവരനെ കൂടാതെ ബോർഡ് മെമ്പർമാരായ പി.ആർ. തങ്കപ്പനും കെ.വി. പ്രകാശനും പങ്കെടുത്തു.