തിരുവനന്തപുരം: ഭാരതത്തിന്റെ ശാസ്ത്ര ഗവേഷണ രംഗത്തിന് കരുത്തും ഊർജവും ദിശാബോധവും പകർന്ന് നൽകിയ ശാസ്ത്രജ്ഞനാണ് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് എന്ന് ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. കീർത്തിയുടെ കൊടുമുടിയിൽ എത്തിയിട്ടും അദ്ദേഹത്തിന്റെ ലാളിത്യവും ഇച്ഛാശക്തിയും ഗവേഷണ രംഗത്തുള്ള പുതിയ തലമുറയ്ക്ക് മാതൃകാപരമാണ്.
ഇച്ഛാശക്തിയുണ്ടെങ്കിൽ ഏത് ലക്ഷ്യത്തിലും എത്തിച്ചേരാം എന്നതിന്റെ ഉദാഹരണമാണ് ചന്ദ്രയാൻ – 3 ന്‍റെ സമാനതകളില്ലാത്ത വിജയം എന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു. ചട്ടമ്പിസ്വാമി സാംസ്ക്കാരിക സമിതിയുടെ ജയന്തി പുരസ്കാരം എസ്. സോമനാഥിന് സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഗവർണർ.
ബഹിരാകാശ ശാസ്ത്ര ഗവേഷണ രംഗത്തെ മുൻനിര രാജ്യങ്ങളുടെ ശ്രേണിയിലേക്ക് ഭാരതത്തെ ഉയർത്തികൊണ്ടുവരുവാൻ സാധിച്ചതിൽ ഐഎസ്ആർഒയ്ക്ക് അഭിമാനമുണ്ടെന്ന് എസ്. സോമനാഥ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
കൂട്ടായ പരിശ്രമം കൊണ്ട് മാത്രമേ വിജയത്തിൽ എത്താൻ സാധിക്കു. ഭാരതത്തിന്റെ ബഹിരാകാശ ശാസ്ത്ര ഗവേഷണ രംഗത്തിന്റെ ഭാവി ശുഭോദർക്കമാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ നേരത്തേ സോമനാഥ് പറഞ്ഞു.
വനിതകൾ കൂടുതലായി ഈ രംഗത്തേക്ക് കടന്ന് വരുന്നുവെന്നതും രാജ്യത്തിനഭിമാനകരമാണ്. ചട്ടമ്പിസ്വാമികളുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ അനൽപമായ സന്തോഷമുണ്ട് എന്നും സോമനാഥ് പറഞ്ഞു.
സമാപന സമ്മേളനം ഗവർണർ ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. വിഎസ്‌എസ്‌സി ഡയറക്ടർ ഡോ.എസ്. ഉണ്ണികൃഷ്ണൻ നായർ, എ.എൻ. രാധാകൃഷ്ണൻ, ഡോ. എ.വി.അനൂപ്, ജി. രാജ്മോഹൻ, ഡോ. ശ്രീവത്സൻ നമ്പൂതിരി, മണക്കാട് രാമചന്ദ്രൻ, മുക്കം പാലമൂട് രാധാകൃഷ്ണൻ, ജി.വിജയകുമാർ, ഗോപൻ ശാസ്തമംഗലം എന്നിവർ പ്രസംഗിച്ചു.