ജൂണിൽ അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ (ഐ എസ് എസ്) കുടുങ്ങിയ സുനിത വില്യംസിനു ഭാരം കുറയുന്നതിൽ ആശങ്ക ഉയരുന്നു. വല്ലാതെ ശോഷിച്ചു കവിളുകൾ ഒട്ടിയ നിലയിലാണ് അവരുടെ ചിത്രങ്ങൾ കാണുന്നത്.
വില്യംസിന്റെ ഭാരം കൂട്ടാനുള്ള ശ്രമങ്ങളിലാണ് നാസ. വ്യാഴാഴ്ച്ച ഇറക്കിയ പ്രസ്താവനയിൽ നാസ പറയുന്നത് ആശങ്കയ്ക്ക് കാരണമൊന്നും ഇല്ലെന്നാണ്.ജൂണിൽ ബോയിങ്ങിന്റെ ദൗത്യത്തിൽ പറന്ന വില്യംസും ബാരി വിൽമോറും യാത്രയ്ക്കു മുൻപ് വിശദ വൈദ്യ പരിശോധനകൾ നടത്തിയിരുന്നു. ഐ എസ് എസിൽ എട്ടു ദിവസം മാത്രം കഴിയാനാണ് ഉദ്ദേശിച്ചിരുന്നത്.
എന്നാൽ ബോയിങ്ങിന്റെ സ്റ്റാർലൈനർ സാങ്കേതിക പ്രശ്നങ്ങളിൽ പെട്ടതോടെ മടക്ക യാത്ര അസാധ്യമായി. അടുത്ത ഫെബ്രുവരിയിൽ മാത്രമാണ് സ്പേസ് എക്സ് ഡ്രാഗൺ ക്യാപ്സ്യൂളിൽ മടക്ക യാത്ര ഉണ്ടാവുക. ഇപ്പോൾ അവർ 155 ദിവസം ബഹിരാകാശത്തു പിന്നിട്ടു കഴിഞ്ഞു. നാസയിലെ ഒരു ഉറവിടത്തെ ഉദ്ധരിച്ചു ന്യൂ യോർക്ക് പോസ്റ്റ് പറയുന്നത് അഞ്ചടി എട്ടിഞ്ച് ഉയരമുള്ള വില്യംസ് പറക്കുമ്പോൾ 140 റാത്തൽ തൂക്കം ഉണ്ടായിരുന്നു. എന്നാൽ ബഹിരാകാശ യാത്രികർ കഴിക്കേണ്ട കാലറി കൂടിയ ഭക്ഷണം പിന്നീട് അവർക്കു ലഭ്യമല്ലാതായി. ഭൂമിയിൽ കഴിയുന്നവരേക്കാൾ ഇരട്ടി ഭക്ഷണം അവർ കഴിക്കേണ്ടതുണ്ട്.
ദിവസേന 3,500 മുതൽ 4,000 കാലറിയെന്നു നാസ വൃത്തങ്ങളെ ഉദ്ധരിച്ചു ‘പോസ്റ്റ്’ പറയുന്നു. പോരാത്തതിന് അവർ ദിവസവും രണ്ടു മണിക്കൂറിലധികം വ്യായാമം ചെയ്യേണ്ടതുണ്ട്. അപ്പോൾ കൂടുതൽ കാലറി എരിഞ്ഞു തീരും.ഐ എസ് എസിൽ 200 ദിവസം കഴിഞ്ഞ ശേഷം സ്പേസ് എക്സ് ഡ്രാഗൺ ക്യാപ്സ്യൂളിൽ തിരിച്ചെത്തിയ നാലു നാസ യാത്രികരെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് വില്യംസിന്റെ ചിത്രങ്ങൾ ആശങ്ക ഉയർത്തിയത്.