മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ 2024 തിരഞ്ഞെടുപ്പിനു മുൻപ് വധിക്കണം എന്നാണ് ഇറാൻ ന്യൂ യോർക്ക് സിറ്റിയിലെ ഒരു ക്രിമിനൽ സംഘത്തിൽ പെട്ട എജന്റിനോട് ആവശ്യപ്പെട്ടതെന്നു ഫെഡറൽ ഏജൻസികൾ വെളിപ്പെടുത്തുന്നു.
ട്രംപിനെ നിരന്തരം പിന്തുടരണമെന്നും പ്രചാരണത്തിന്റെ അവസാന ആഴ്ചകളിൽ വധിക്കണമെന്നും പണം പ്രശ്‌നമേയല്ല എന്നും ഇറാൻ പറഞ്ഞു.
ഇറാന്റെ വിപ്ലവ ഗാർഡുകൾ എന്നറിയപ്പെടുന്ന ഭീകര സംഘം വാടകയ്ക്കു എടുത്തത് ഫർഹാദ് ഷക്കേരി എന്ന 51 കാരനെയാണ്. സെപ്റ്റംബറിൽ ആയിരുന്നു അവരുടെ നീക്കമെന്നു മൻഹാട്ടൻ ഫെഡറൽ പ്രോസിക്യൂട്ടർമാർ വെള്ളിയാഴ്ച്ച കോടതിയിൽ സമർപ്പിച്ച ക്രിമിനൽ പരാതിയിൽ പറയുന്നു.
ഷക്കേരിയെ പിടികിട്ടിയിട്ടില്ല. മറ്റു രണ്ടു പേരെ കൂടി തേടുന്നുണ്ട്. അതിലൊരാളെ ഇറാനു കണ്ണിൽ കരടായ പത്രലേഖകനെ വധിക്കാൻ വാടകയ്ക്കു എടുത്തതാണ്. രണ്ടാമനെ ഏല്പിച്ച ദൗത്യം രണ്ടു യഹൂദ ബിസിനസുകാരെ വധിക്കുക എന്നതും.
ട്രംപിനെ വധിക്കാൻ ഒട്ടേറെ പണം വേണ്ടിവരുമെന്നു ഷക്കേരി പറഞ്ഞപ്പോൾ അതൊരു പ്രശ്നമല്ലെന്നു അയാളെ ബന്ധപ്പെട്ടയാൾ പറഞ്ഞു.
കവർച്ച കേസിൽ ജയിലിൽ കഴിഞ്ഞിട്ടുള്ള ഷക്കേരി പറയുന്നത് ഒക്ടോബർ 7നു ഇറാൻ തന്നോട് ഒരാഴ്ചയ്ക്കകം ട്രംപിനെ വധിക്കാൻ ആവശ്യപ്പെട്ടു എന്നാണ്.
അത് നടന്നില്ലെങ്കിൽ നവംബർ 5 വരെ നീട്ടാമെന്നും പറഞ്ഞു. ഇറാൻ കരുതിയിരുന്നത് ട്രംപ് തോൽക്കും എന്നാണ്. തോറ്റാൽ പിന്നെ വധിക്കാൻ എളുപ്പമാവുകയും ചെയ്യും.
ഇറാന് വേണ്ടി ഷക്കേരിയെ ബന്ധപ്പെട്ടത് ആരാണെന്നു കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നില്ല.
ഇറാന്റെ വരേണ്യ സേനയായ ഖുദ്‌സ് ഫോഴ്‌സിന്റെ മേധാവി ഖാസീം സൊലെയ്മാനിയെ ട്രംപ് പറഞ്ഞതനുസരിച്ചു യുഎസ് സേന വധിച്ചതിന്റെ പ്രതികാരമാണ് ഇറാനുള്ളത്.
ഷക്കേരി ഇറാനിൽ ആണെന്ന് കരുതപ്പെടുന്നു. എഫ് ബി ഐ എന്ജറ്റുമാർ അയാളുമായി അഞ്ചു തവണ ഫോണിൽ സംസാരിച്ചു.