ബ്യൂണസ് ഐറിസ്: കഴിഞ്ഞ മാസം ബ്യൂണസ് ഐറിസിലെ ഹോട്ടല്‍ മുറിയുടെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ച ഗായകന്‍ ലിയാം പെയ്നിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി അര്‍ജന്റീനിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. മ്യൂസിക്കല്‍ ഗ്രൂപ്പായ വണ്‍ ഡയറക്ഷനിലെ മുന്‍ അംഗമാണ് മരിച്ച ലിയാം പെയ്ന്‍.
ഐഡന്റിറ്റി വെളിപ്പെടുത്താത്ത മൂന്ന് പ്രതികള്‍ക്കെതിരെയും മയക്കുമരുന്ന് വിതരണം ചെയ്യുകയും സുഗമമാക്കുകയും ചെയ്ത കുറ്റങ്ങളാണ് പ്രോസിക്യൂട്ടര്‍ ആന്ദ്രേസ് മാഡ്രിയ ചുമത്തിയതെന്ന് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
മൂന്ന് പേര്‍ക്കും രാജ്യം വിടാന്‍ കഴിയില്ല. അവരെ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു.
പെയ്ന്‍ മയക്കുമരുന്ന് ലഹരിയില്‍ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുപ്പത്തൊന്നാം വയസിലാണ് ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള ഗായകന് ദാരുണാന്ത്യം സംഭവിച്ചത്.
അർജൻ്റീന തലസ്ഥാനമായ പലേർമോയിലെ ഉയർന്ന പ്രദേശത്തുള്ള തൻ്റെ ഹോട്ടലിൻ്റെ മൂന്നാം നിലയിലെ മുറിയുടെ ബാൽക്കണിയിൽ നിന്നാണ് പെയ്ൻ വീണത്. ഒന്നിലധികം മുറിവുകളും ബാഹ്യ രക്തസ്രാവവും മൂലമാണ് അദ്ദേഹം മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് പറഞ്ഞു.
മയക്കുമരുന്ന് ലഹരിയില്‍ പെയ്ന്‍ ഹോട്ടലില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. റൂമിനകത്ത് ബഹളം വയ്ക്കുന്നത് കൂടിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിളിച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍ പൊലീസ് എത്തും മുന്നെ തന്നെ ബാല്‍ക്കണിയില്‍ നിന്ന് വീണ നിലയില്‍ പെയ്ന്റെ മരണം സംഭവിച്ചിരുന്നു.
2008 ല്‍ 14 -ാം വയസില്‍ ദി എക്സ് ഫാക്ടറിനായുള്ള ഓഡിഷനിലൂടെയാണ് പെയ്ന്‍ ലോകത്തെ അമ്പരപ്പിക്കാന്‍ തുടങ്ങിയത്. അന്ന് ഫ്രാങ്ക് സിനാത്രയുടെ ‘ഫ്‌ലൈ മി ടു ദ മൂണ്‍’ എന്ന ഗാനം ആലപിച്ച പെയ്‌ന് ബ്രിട്ടിഷ് ജനത നിറഞ്ഞ കയ്യടിയാണ് നല്‍കിയത്. പിന്നീട് പെയിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു.