മുംബൈ: പിതാവ് പ്രമോദ് മഹാജന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മകളും മുന്‍ ബിജെപി എംപിയുമായ പൂനം മഹാജന്‍.
തന്റെ പിതാവും ബിജെപി നേതാവുമായ പ്രമോദ് മഹാജന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പൂനം സംശയം പ്രകടിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന ആഭ്യന്തര മന്ത്രിമാര്‍ക്ക് കത്തെഴുതാന്‍ താന്‍ ഉദ്ദേശിക്കുന്നതായും പൂനം വ്യക്തമാക്കി.
2006-ല്‍ ഈ സംഭവം നടക്കുമ്പോള്‍, തന്റെ സംശയങ്ങള്‍ പ്രകടിപ്പിക്കാന്‍ തനിക്ക് കഴിയില്ലായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് എപ്പോഴും സംശയം തോന്നിയിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.
ഇപ്പോള്‍ കേന്ദ്രത്തിലും സംസ്ഥാനത്തും തന്റെ പാര്‍ട്ടി അധികാരത്തിലിരിക്കുന്നതിനാലാണ് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നതെന്നും സത്യം പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്കും ദേവേന്ദ്ര ഫഡ്നാവിസിനും കത്തെഴുതുമെന്നും പൂനം വ്യക്തമാക്കി.
2006 ഏപ്രില്‍ 22നാണ് മുംബൈയിലെ വോര്‍ളിയിലെ വസതിയില്‍ വെച്ച് പ്രമോദ് മഹാജന്‍ സഹോദരന്‍ പ്രവീണ്‍ മഹാജന്റെ വെടിയേറ്റ് മരിച്ചത്. പോലീസില്‍ കീഴടങ്ങുന്നതിന് മുമ്പ് പ്രവീണ്‍ നാല് തവണ വെടിയുതിര്‍ത്തിരുന്നു. 2007 ഒക്ടോബര്‍ 30 ന് പ്രവീണിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
തന്റെ പിതാവിന്റെ കൊലപാതകത്തിന് പിന്നില്‍ ഒരു സൂത്രധാരന്‍ ഉണ്ടായിരിക്കാമെന്ന് 2022ല്‍ പൂനം മഹാജന്‍ സൂചന നല്‍കിയിരുന്നു.
ഈ കേസ് കേവലം ഒരു കുടുംബ തര്‍ക്കം മാത്രമല്ലെന്നും സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.