കോഴിക്കോട്: പയ്യടിമീത്തലില്‍ വീട്ടമ്മയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും ഫോണും കവര്‍ന്ന മരുമകന്‍ അറസ്റ്റില്‍. ചെന്നൈ ആരക്കോണം സ്വദേശി മെഹ്മൂദാണ് (മമ്മദ്-39) പിടിയിലായത്.
നാടുവിടാന്‍ ശ്രമിച്ച ഇയാളെ പാലക്കാട് ഒലവക്കോട് റെയില്‍വേസ്റ്റേഷനില്‍ വച്ച് ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍നിന്ന് ബുധനാഴ്ച രാത്രിയാണ് പിടികൂടിയത്. മോഷണ വസ്തുക്കള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. പത്തര ഗ്രാം തൂക്കമുള്ള സ്വര്‍ണമാലയും അഞ്ച് ഗ്രാം തുക്കമുള്ള കമ്മലുമാണ് കവര്‍ന്നത്.
പയ്യടിമീത്തല്‍ ജിഎല്‍പി സ്‌കൂളിന് സമീപമുള്ള സ്വകാര്യ ഫ്‌ളാറ്റില്‍ താമസിക്കുന്ന ആദിയോടത്ത് പറമ്പില്‍ അസ്മാബീവിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് അസ്മാബീവിയെ കിടപ്പുമുറിയിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മകള്‍ സിനോബിയാണ് മൃതദേഹം ആദ്യം കാണുന്നത്. ശരീരത്തെ ആഭരണങ്ങള്‍ കാണാതായതും സിനോബിയുടെ ഭര്‍ത്താവായ മെഹ്മൂദിനെ കാണാതായതും സംശയത്തിനിടയാക്കി.
ജോലിക്കു പോകാതെ പതിവായി വീട്ടിലിരുന്ന് മദ്യപിച്ചത് അസ്മാബീവി ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ വഴക്കും വിരോധവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഭാര്യയുമായുള്ള വിവാഹ ബന്ധം ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാനായിരുന്നു ഇയാളുടെ ലക്ഷ്യം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.