തമിഴ്നാട് സര്‍ക്കാര്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പാരമ്പര്യം നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഗവര്‍ണര്‍ ആര്‍എന്‍ രവി ആരോപിച്ചു. മരുതു സഹോദരന്മാരെയും മുത്തുരാമലിംഗ തേവരെയും പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനികളെ ജാതി നേതാക്കളുടെ നിലയിലേക്ക് ഡിഎംകെ സര്‍ക്കാര്‍ തരം തരംതാഴ്ത്തുകയാണെന്നും ദ്രാവിഡനും ആര്യനും തമ്മിലുള്ള വംശീയ വിഭജനത്തിന്റെ തെറ്റിദ്ധാരണകള്‍ പടര്‍ത്തി സംസ്ഥാനത്ത് വിഭജനത്തിന് ശ്രമിക്കുകയാണെന്നും രവി പറഞ്ഞു.
‘മരുധു സഹോദരന്മാരെപ്പോലുള്ളവര്‍ ജാതിനേതാക്കളായി തരംതാഴുന്നത് കാണുമ്പോള്‍, മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ പട്ടേല്‍, ഷഹീദ് ഭഗത് സിംഗ് എന്നിവരും ഇവിടെ ജനിച്ചിരുന്നെങ്കില്‍ അവരും ജാതിയിലേക്ക് ചുരുങ്ങുമായിരുന്നോ എന്ന് ഞാന്‍ സംശയിക്കുന്നു.”- ഗവര്‍ണര്‍ രവി പറഞ്ഞു ദ്രാവിഡനും ആര്യനും തമ്മിലുള്ള വംശീയ വിഭജനത്തിന്റെ തെറ്റായ വിവരണം നല്‍കി തമിഴ്‌നാടിന്റെ ചരിത്രം തിരുത്തിയെഴുതാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ദ്രാവിഡ സിദ്ധാന്തത്തിന്റെ പിതാവ് ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? ആരാണ് ഇത് നിര്‍ദ്ദേശിച്ചത്? ദ്രാവിഡന്‍ ഒരു പ്രത്യേക വംശമാണ് എന്ന സിദ്ധാന്തം സൃഷ്ടിച്ചത് റോബര്‍ട്ട് കാള്‍ഡ്വെല്ലാണ്. ഇത് രാജ്യത്തെ വിഭജിക്കാനുള്ള ബ്രിട്ടീഷുകാരുടെ രൂപകല്‍പ്പനയായിരുന്നു,’- അദ്ദേഹം പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനെതിരെ ചില നേതാക്കള്‍ വാദിച്ചതായും ഗവര്‍ണര്‍ രവി പരോക്ഷമായി ആരോപിച്ചു.
‘തമിഴ്‌നാട് ഒരു പുണ്യഭൂമിയാണ്, എന്നാല്‍ 1947 ആഗസ്ത് 15 കറുത്ത ദിനമായി ആചരിച്ചവരെ എങ്ങനെ നേരിടും? രാജ്യവും ജനങ്ങളും സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍, അവര്‍ അത് ദുഃഖാചരണമായി ആചരിച്ചു. അതുകൊണ്ടാണ് ദേശീയവാദ പ്രസ്ഥാനത്തെയും ദേശീയ സ്വാതന്ത്ര്യ സമര യോദ്ധാക്കളെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവര്‍ കടുത്ത വെറുപ്പ് പ്രകടിപ്പിക്കുന്നത്. ‘ ഗവര്‍ണര്‍ രവി പറഞ്ഞു