തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുമ്പിൽ രാഷ്ട്രീയം പറയുന്നതിന് പകരം വിവാദങ്ങൾ സൃഷ്ടിച്ചു വോട്ടു നേടുക എന്ന തന്ത്രം പല ഘട്ടത്തിലും സിപിഎം  പരീക്ഷിച്ചു എങ്കിലും പരാജയമായിരുന്നു ഫലം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വി.ഡി സതീശൻ  നഗ്ന ദൃശ്യം പ്രചരിപ്പിച്ചു എന്നായിരുന്നു സി പി എമ്മിൻ്റെ ആരോപണം.
എന്നാൽ ആരോപണം തെളിയിക്കാൻ സിപിഎമ്മിന് സാധിച്ചില്ലെന്ന് മാത്രമല്ല,  തൃക്കാക്കരയിൽ തോൽക്കുകയും ചെയ്തു. പിന്നെ കേട്ടത് വടകര ലോകസഭ തിരഞ്ഞെടുപ്പിലായിരുന്നു, കാഫിർ വിവാദം. ഇടതുപക്ഷ സ്ഥാനാർത്ഥിയായ കെ കെ  ശൈലജ പ്രചരണ രംഗത്ത് ഏറെ മുന്നിൽ നിൽക്കുമ്പോഴായിരുന്നു കാഫിർ സ്ക്രീൻ ഷോട്ട് പുറത്തുവരുന്നത്.

 പ്രചാരണത്തിനിടെ തിരുവള്ളൂരിലെ എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരിലാണ് ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിച്ചത്. എൽ.ഡി.എഫ്. സ്ഥാനാർഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമർശമായിരുന്നു ഇതിലുള്ളത്.

ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപിച്ചു. പിന്നെ ഈ വിവാദമായിരുന്നു കേരളത്തിലുടനീളം ചർച്ച ചെയ്തത്. തന്നെ അപകീർത്തി പ്പെടുത്തി എന്ന് ആരോപിച്ച്  ശൈലജ ടീച്ചർ മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണീർ വാർത്തതും  പൊട്ടിത്തെറിച്ചതുമെല്ലാം കേരളം കണ്ടു. ഒടുവിൽ പൊലീസ് നടപടിയായി. അതിനത്ര വിശ്വാസ്യത അന്നേ ഇല്ലായിരുന്നു, മാഷാ… അള്ളാ.. പോലെ എന്ന സംശയം ആ ഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു.
ഇതോടെ വടകരയിൽ ഷാഫി പറമ്പിൽ വിജയിച്ചതോടെ കാഫിർ വിവാദം കെട്ടടങ്ങി. എന്നാൽ യുഡിഎഫ് കേസിന് പിറകെ തന്നെ നീങ്ങി. ഒടുവിൽ ഹൈക്കോടതി ഇടപെട്ടു. കാഫിർ’ പോസ്റ്റിൽ ഹൈക്കോടതിയിൽ നിർണായക വിവരങ്ങൾ സമർപ്പിച്ച പോലീസ്,  ഇടത് സൈബർ ഗ്രൂപ്പുകളിലാണ് ഈ പോസ്റ്റ് ആദ്യമെത്തിയതെന്നാണ്  വ്യക്തമാക്കിയത്.

 മതവിദ്വേഷം വളർത്തുന്ന ‘കാഫിർ’ സ്ക്രീൻ ഷോട്ട് പോസ്റ്റ് ആദ്യം എത്തിയത് ‘റെഡ് എൻകൗണ്ടേഴ്സ് ‘ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണെന്നും ഇത് ‘അമ്പലമുക്ക് സഖാക്കൾ’ എന്ന ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

 ‘പോരാളി ഷാജി’ എന്ന ഫെയ്സ്ബുക്ക് പേജിന് പിന്നിൽ വഹാബ് എന്ന ആളാണെന്നും പോലീസ് കണ്ടെത്തി. വിവാദത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവന്നിട്ടും പക്ഷെ ഇപ്പോഴും അതിന് പിറകിൽ പ്രവർത്തിച്ച കൈകളിൽ വിലങ്ങു വെയ്ക്കാൻ കേരള പൊലീസിന് ധൈര്യം വന്നിട്ടില്ല.
കണ്ണൂരിൽ എ ഡി എം ആയിരുന്ന നവീൻ ബാബു കൈക്കൂലി മേടിച്ചു എന്ന തിരകഥയിൽ പൊലിഞ്ഞത് നവീൻ ബാബുവിന്റെ ജീവിതമായിരുന്നു.  ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഒന്നും കൈക്കൂലി മേടിച്ചതിന് തെളിവ് കണ്ടെത്താൻ ആയില്ലെങ്കിലും കള്ള കഥകൾ മെനഞ്ഞു പ്രചരിപ്പിക്കുന്നത് ഇപ്പോഴും കണ്ണൂരിലെ സിപിഎം ക്യാപ്സൂൾ ഫാക്‌ടറികളിൽ നിന്ന് തുടരുകയാണ്.
അതിനിടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ അവസാന ഘട്ടത്തിൽ നീല ട്രോളി ബാഗ് വിവാദവും അതേ തുടർന്ന് നടന്ന പാതിരാ നാടകവും കേരളം കണ്ടത്. എന്നാൽ ഇവിടെയും ഒന്നും തെളിയിക്കാൻ പോലീസിനെ കൊണ്ട് ഇതുവരെ സാധിച്ചിട്ടില്ല.

ഓരോ തിരഞ്ഞെടുപ്പിലും ഓരോ കള്ളത്തരങ്ങളുമായി ഇറങ്ങും. എന്നിട്ട് നാണംകെട്ട് തിരിച്ചു പോകും. ഇപ്പോഴും സി.പി.എം നാണംകെട്ട് നില്‍ക്കുകയാണ്.

എന്നിട്ടും  ചെളിയില്‍ കിടന്ന് ഉരുളുകയാണ്. വടകരയിലേത് പോലെ കൂടുതൽ ചെളി പറ്റും എന്നല്ലാതെ പാലക്കാടും ഒന്നും സംഭവിക്കില്ല.
– എഡിറ്റർ

By admin

Leave a Reply

Your email address will not be published. Required fields are marked *