കോട്ടയം: സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ചു സവാളയും കിഴങ്ങും നാളികേരവും… ഇങ്ങനെ പോയാല്‍ കീശ കാലിയാകുമെന്നു സാധാരണക്കാര്‍ പറയുന്നു. ഒട്ടുമിക്ക വിഭവങ്ങളിലെയെല്ലാം ചേരുവയായ സവാള വില 70 രൂപയില്‍ എത്തി നല്‍ക്കുകയാണ്.
കിഴങ്ങിന് 55 രൂപയും തക്കാളിക്ക് 40 രൂപയുമാണ് വില. പച്ചത്തേങ്ങയുടെയും വില വീണ്ടും കുതിച്ചുകയറ്റം നടത്തുകയാണ്. പച്ചത്തേങ്ങ വില കിലോയ്ക്ക് 70 രൂപ വരെ എത്തി. ഓണത്തിനു ശേഷം തേങ്ങയുടെ വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.
ഇതോടെ വിലയിലും അത് പ്രകടമായിരുന്നു. സംസ്ഥാനത്ത് 75 രൂപയ്ക്കു വരെ അന്ന് തേങ്ങ വില ഉയര്‍ന്നു. പിന്നീട് തമിഴ്‌നാട്ടില്‍ നിന്നു കൂടുതല്‍ തേങ്ങ എത്തിയതോടെ കൂടി വില 45 രൂപയായി കുറഞ്ഞിരുന്നു. ഇതിനു ശേഷമാണു വീണ്ടും വില വര്‍ധിച്ചത്.
വിപണിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തേങ്ങയ്ക്കു വീണ്ടും ക്ഷാമാണെന്നാണു വ്യാപാരികള്‍ പറയുന്നത്. ഗ്രാമീണ മേഖലകളിൽ തേങ്ങയുടെ ലഭ്യത ചുരുങ്ങിയതിനാൽ ഇടനിലക്കാർ ഉയർന്ന വില നൽകി ചരക്ക് ശേഖരിക്കുന്നുണ്ട്. സംസ്ഥാനത്ത് നാളികേര സീസൺ ജനുവരി -ഫെബ്രുവരിയിലാണ്, വരവ് ശക്തിയാർജിക്കാൻ ഇനിയും രണ്ട് മാസത്തിലേറെ കാത്തിരിക്കേണ്ടി വരും.
ലഭ്യത ചുരുങ്ങിയത് കണ്ട് മില്ലുകാർ കൊപ്രയ്‌ക്ക് കൂടിയ വില വാഗ്‌ദാനം ചെയ്യുന്നുണ്ട്. വൃശ്‌ചികം അടുത്തതിനാൽ മണ്ഡലകാല ഡിമാൻ്റ് കൂടി തേങ്ങയ്ക്ക് അനുഭവപ്പെടുമെന്നത് വില ഇനിയും ഉയരാൻ കാരണമാകും. സവാളയ്ക്കും ഉല്‍പ്പാദനക്കുറവാണു വിലക്കയറ്റത്തിനു കാരണമായി പറയുന്നത്.
കഴിഞ്ഞ ആഴ്ചവരെ 60 രൂപയായിരുന്നു സാവള വില. പിന്നീട് 65 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞപ്പോള്‍ വില കുതിച്ചുകയറുകയായിരുന്നു. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളെയാണ് സവാളയുടെ വരവിനായി കേരളം പ്രധാനമായും ആശ്രയിച്ചിരുന്നത്.
എന്നാല്‍, അവിടെ കാലാവസ്ഥയിലുണ്ടായ മാറ്റം ഉത്പാദനത്തെ കാര്യമായി ബാധിച്ചു. അവിടങ്ങളില്‍ അടുത്ത നാളുകളില്‍ പെയ്ത കനത്തമഴയാണ് ഇരുട്ടടിയായതെന്നാണ് കച്ചവടക്കാരും പറയുന്നത്.സവാള ഇല്ലാതെ കറിവെക്കേണ്ട അവസ്ഥയാണെന്നാണ് പല വീട്ടമ്മമാരും പറയുന്നത്.
സവാള വാങ്ങാന്‍ കടയിലേക്ക് എത്തുന്നവര്‍ വില കേട്ട് ഒരു കിലോയില്‍ നിന്നും അരകിലോ വരെ വാങ്ങുന്നവരും ഉണ്ട്. ഇന്നലെ കേട്ട വില അല്ല ഇന്ന് സവാള വാങ്ങുവാന്‍ വരുമ്പോള്‍ കേള്‍ക്കുന്നത്. ഇനിയും അധികം ദിവസങ്ങളുടെ വ്യത്യാസമില്ലാതെ ഇനിയും ഉയരുമെന്ന് കച്ചവടക്കാരും പറയുന്നത്.
ഗ്യാസിനും തേങ്ങയ്കും സാവളയ്ക്കും വില ഉയരാന്‍ തുടങ്ങിയത് ഹോട്ടല്‍ മേഖലയെയും പ്രതിസന്ധിയിലാണ്. ഭക്ഷണ സാധനങ്ങളുടെ വില കൂട്ടിയാല്‍ പലരും കയറാന്‍ മടിക്കും. ഇതോടെ കച്ചടവം കുറയുകയും ചെയ്യും. നഷ്ടം സഹിച്ചു മുന്നോട്ടു പോയാല്‍ കടക്കെണിയിലുമാകും ചെറുകിട ഹോട്ടലുകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയിലേക്ക് എത്തുമെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.