കോഴിക്കോട്: എന്റെ ബാഗില്‍ പണമില്ല, രണ്ട് ദിവസത്തെ വസ്ത്രമാണുള്ളത് അത് വേണമെങ്കില്‍ തരാമെന്ന് ഫെയ്‌സ്ബുക്ക് ലൈവുമായി സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.
ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോണ്‍ഗ്രസ് കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ പോലീസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു രാഹുല്‍.
”പാലക്കാട്ട് ഇപ്പോള്‍ വലിയ സംഘര്‍ഷങ്ങളും ആരോപണവും നടക്കുകയാണ്. പ്രതിഷേധത്തിനിടെ ബി.ജെ.പി-സി.പി.എം. പ്രവര്‍ത്തകര്‍ പറയുന്നത് ആ ട്രോളി ബാഗ് നിറയെ പണവുമായി കെപിഎം ഹോട്ടലില്‍ നിന്ന് രാഹുലിനെ ഇറക്കി വിടണമെന്നാണ്.
ഒരു ട്രോളി ബാഗ് നിറയെ പണവുമായി കെ.പി.എം. ഹോട്ടലില്‍ നിന്ന് പുറത്തുവരാന്‍ ആഗ്രഹമുണ്ട്. പക്ഷേ ഞാന്‍ പാലക്കാട്ടെ ഹോട്ടലില്‍ അല്ല. കോഴിക്കോടാണുള്ളത്. എന്റെ ബാഗില്‍ പണമില്ല, രണ്ട് ദിവസത്തെ വസ്ത്രമാണുള്ളത. അത് വേണമെങ്കില്‍ തരാം.
കോഴിക്കോട് കാന്തപുരം ഉസ്താദിനെ കാണാനാണ് ഞാന്‍ ഇവിടെ എത്തിയത്. എല്ലാ കോണ്‍ഗ്രസ് നേതാക്കളും മുറികള്‍ തുറന്നുകൊടുത്തു. ഷാനിമോള്‍ ഉസ്മാന്‍ മാത്രമാണ് മുറി തുറന്ന് കൊടുക്കാതിരുന്നത്. അവര്‍ ഒറ്റയ്ക്കാണ് മുറിയില്‍ താമസിക്കുന്നത്.
വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വരാതെ മുറി തുറക്കില്ലെന്നാണ് അവര്‍ പറഞ്ഞത്. വനിതാ പോലീസുകാര്‍ വന്നപ്പോള്‍ അവര്‍ മുറി തുറന്നുകൊടുത്തു. മുറി പരിശോധിച്ച ശേഷം ഒന്നും കിട്ടിയില്ല. സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന്റെ ഒരു ഉദാഹരണം കൂടി വന്നിരിക്കുകയാണ്..”-രാഹുല്‍ പറഞ്ഞു.