ഡല്‍ഹി: കനേഡിയന്‍ പ്രവിശ്യയായ ഒന്റാറിയോയിലെ ബ്രാംപ്ടണില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണം അത്യന്തം ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.
കാനഡയിലെ ഹിന്ദു ക്ഷേത്രത്തില്‍ ഇന്നലെ സംഭവിച്ചത് വളരെ ആശങ്കാജനകമാണന്ന് ജയശങ്കര്‍ ഓസ്ട്രേലിയയിലെ കാന്‍ബെറയില്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാനഡ നിരീക്ഷണത്തിലാക്കിയത് അംഗീകരിക്കാനാകില്ല. കൃത്യമായ വിവരങ്ങള്‍ നല്‍കാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന രീതി കാനഡ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തില്‍ ഖാലിസ്ഥാനി പതാകകള്‍ വഹിച്ച പ്രതിഷേധക്കാര്‍ ആളുകളുമായി ഏറ്റുമുട്ടിയിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് കനേഡിയന്‍ പോലീസ് ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയുധം ഉപയോഗിച്ച് അക്രമിച്ചതിനും പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പീല്‍ റീജിയണല്‍ പോലീസ് പറഞ്ഞു.