കോട്ടയം: റെയില്‍വേ സ്‌റ്റേഷനില്‍ ടിക്കറ്റെടുക്കാന്‍ നിന്ന കുമരകം സ്വദേശിയുടെ മൊബൈല്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് രാജ്ബാര്‍ റാംപല്ലറ്റ് ഹരിവന്‍സി(37) നെയാണു കോട്ടയം റെയില്‍വേ എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
ശനിയാഴ്ച്ചയായിരുന്നു സംഭവം. കുമരകം സ്വദേശിയായ യുവാവു റെയില്‍വേ സ്‌റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിനു സമീപത്തു നില്‍ക്കുകയായിരുന്നു. ഈ സമയത്ത് കൗണ്ടറിന് സമീപത്ത് എത്തിയ പ്രതി, 20000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു സ്ഥലംവിട്ടു
തുടര്‍ന്നു പ്രദേശത്തെ സി.സി.ടി.വി കാമറ പരിശോധിച്ച റെയില്‍വേ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതിയെ റെയില്‍വേ പോലീസ് സ്‌റ്റേഷന്‍ പരിസരത്തു നിന്നും ഇന്നലെ ഉച്ചയോടെ പിടികൂടി.
ഇയാളുടെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.