എറണാകുളം: മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ മമ്മൂട്ടി കമ്പനി ചിത്രങ്ങളിലൂടെ അനൗൺസ്മെന്റും ഏറെ കാത്തിരിപ്പുകൾക്ക് കാരണമാകാറുണ്ട്. കാരണം ചുരുങ്ങിയ സമയത്തിനുള്ളില്‍ എണ്ണം പറഞ്ഞ മലയാള സിനിമകളിലൂടെ മലയാളിക്ക് വളരെ സുപരിചിതമായ മമ്മൂട്ടി കമ്പനി ബോക്സോഫീസിലും നിരൂപക പ്രശംസയിലും ഒരു പോലെ മുന്നിട്ട് നിന്ന ചിത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വമ്പൻ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് മമ്മൂട്ടി കമ്പനി. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന്‍റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാളെ രാവിലെ 8 മണിക്ക് ഇത് ഉണ്ടാകുമെന്നാണ് പറയുന്നത്. മമ്മൂട്ടി തന്നെയാണ് തന്‍റെ സമൂഹമാദ്ധ്യമം വഴി ഈ കാര്യം അറിയിച്ചത്. ചിത്രത്തിന്‍റെ മറ്റുവിവരങ്ങള്‍ ഒന്നും ലഭ്യമല്ല.
2021ലാണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. തുടർന്ന് റോഷാക് (2022), നൻപകൽ നേരത്ത് മയക്കം (2022), കണ്ണൂര്‍ സ്ക്വാഡ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളെല്ലാം മമ്മൂട്ടി കമ്പനി നിർമ്മിച്ചതാണ്.