പാലക്കാട്: ഷൊർണൂർ റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ചു തൊഴിലാളികൾ മരണപ്പെട്ട സംഭവത്തേക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് വി.കെ ശ്രീകണ്oൻ എം.പി.
ഷൊർണൂരിൽ തിരുവനന്തപുരത്തേക്ക് പോകുന്ന കേരള എക്സ്പ്രസ് ഇടിച്ച് റെയിൽവേയുടെ നാല് ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം ഞെട്ടിക്കുന്നതും അത്യന്തം വേദനാജനകവുമാണ്. റെയിൽവേ ട്രാക്കിൽ നിന്ന് മാലിന്യം നീക്കുകയായിരുന്ന ഇവർ തീവണ്ടി അടുത്തു വരുന്നത് അറിയാതിരുന്നത് വലിയ സുരക്ഷ വീഴ്ചയാണ്.
തീവണ്ടി കടന്നു പോകുന്ന സമയത്തെ കുറിച്ച് അറിയാതിരുന്നതാവാം ദാരുണമായ ഈ അപകടത്തിന് കാരണം. റെയിൽവേയുടെ സുരക്ഷാ ക്രമീകരണ ങ്ങൾ കൃത്യമല്ല എന്നത് ഈ സംഭവത്തോടെ വ്യക്തമാവുകയാണ്.
റെയിൽവേയുടെ എല്ലാ മേഖലയിലും തൊഴിലാളികളുടെ കുറവ് കാരണമുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഇത്തരം വിഷയങ്ങൾ പരിഹരിക്കണമെന്നും ഷൊർണൂരിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നൽകണമെന്നും എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.