അമ്മയുമായി ബന്ധമുള്ളയാളെ കൗമാരക്കാരന്‍ കൊലപ്പെടുത്തി. കൊല്‍ക്കത്തയ്ക്ക് സമീപം ജോറബഗാനിലാണ് സംഭവം. 17കാരനാണ് 56കാരനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്. പ്രതി അറസ്റ്റിലായി. കൊല്ലപ്പെട്ട അഭിജിത് ബാനര്‍ജി(56)യുടെ മൊബൈല്‍ഫോണും സ്വര്‍ണമാലയും മോതിരവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസം രാവിലെയാണ് അഭിജിത്തിനെ താമസസ്ഥലത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ദേഹത്ത് കുത്തേറ്റ് ചോരയില്‍ കുളിച്ചനിലയിലായിരുന്നു മൃതദേഹം.
ഇന്‍ഷുറന്‍സ് ഏജന്റായിരുന്ന അഭിജിത് ബാനര്‍ജിക്ക് റെന്റ് എ കാര്‍ ബിസിനസുണ്ട്. കഴിഞ്ഞദിവസം അഭിജിത്തിന്റെ വാഹനം വാടകയ്‌ക്കെടുത്തയാള്‍ കാറിന്റെ താക്കോല്‍ തിരികെ ഏല്‍പ്പിക്കാന്‍ വന്നപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്.
ഫോണ്‍വിളിച്ചിട്ടും മറുപടിയില്ലായിരുന്നു. വാതില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. ഇതോടെ അഭിജിത്തിന്റെ സഹോദരിയെ വിവരമറിയിച്ചു. തുടര്‍ന്ന് അയല്‍ക്കാരും മറ്റുള്ളവരും വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് അഭിജിത്തിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. അഭിജിത്തിന്റെ മൊബൈല്‍ഫോണും ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടമായിരുന്നു.

മൊബൈല്‍ഫോണിന്റെ ടവര്‍ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് 17കാരന്‍ പിടിയിലായത്. ചോദ്യംചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. മൊബൈല്‍ഫോണും സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെടുക്കുകയുംചെയ്തു.

അഭിജിത് ബാനര്‍ജിക്ക് തന്റെ അമ്മയുമായി ബന്ധമുണ്ടായിരുന്നതായും ഇരുവരെയും ഒരുമിച്ച് കണ്ടെന്നും ഇതിന്റെ പകയിലാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു മൊഴി. അമ്മയ്‌ക്കൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ അഭിജിത്തിന്റെ ഫോണിലുണ്ടായിരുന്നു. ഈ ചിത്രങ്ങള്‍ നീക്കംചെയ്യാനായാണ് മൊബൈല്‍ഫോണ്‍ എടുത്തതെന്നും പ്രതി മൊഴിനല്‍കിയിട്ടുണ്ട്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed