2 സിനിമകള്‍, മണിക്കൂറില്‍ ഒരു ലക്ഷം ടിക്കറ്റുകള്‍! ദീപാവലി ആഘോഷിച്ച് ബോളിവുഡ്; ഇതുവരെ നേടിയത്

ബോളിവുഡിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സീസണുകളിലൊന്നാണ് ദീപാവലി. ഒന്നിലധികം ചിത്രങ്ങള്‍ ഈ സീസണില്‍ എത്തിയാല്‍ പ്രതീക്ഷാപൂര്‍വ്വമാണ് സിനിമാലോകം കാത്തിരിക്കാറ്. അതിന് പോസിറ്റീവ് അഭിപ്രായം വന്നാല്‍ വലിയ കളക്ഷനുമാണ് വന്നുചേരുക. ഇത്തവണത്തെ ദീപാവലിക്ക് രണ്ട് ചിത്രങ്ങളാണ് ബോളിവുഡില്‍ എത്തുന്നത്. രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിലെ അഞ്ചാം ചിത്രമായ സിങ്കം എഗെയ്നും കാര്‍ത്തിക് ആര്യനെ നായകനാക്കി അനീസ് ബസ്മി സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യ 3 ഉും. ഇന്നായിരുന്നു രണ്ട് ചിത്രങ്ങളുടെയും റിലീസ്. ഇപ്പോഴിതാ ചിത്രങ്ങളെ സംബന്ധിച്ച ആദ്യ പ്രതികരണങ്ങള്‍ എത്തിത്തുടങ്ങിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ ആദ്യ മണിക്കൂറുകളില്‍ എത്തിത്തുടങ്ങിയിരിക്കുന്നത് സ്വാഭാവികമായും വലിയ താരനിര എത്തുന്ന സിങ്കം എഗെയ്നിന് ആണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. അജയ് ദേവ്ഗണിനൊപ്പം അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, ടൈഗര്‍ ഷ്രോഫ്, ദീപിക പദുകോണ്‍, കരീന കപൂര്‍, അര്‍ജുന്‍ കപൂര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരും എത്തുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അതിഥിതാരമായും എത്തുന്നുണ്ട്. തരണ്‍ ആദര്‍ശ് അടക്കമുള്ള നിരൂപകര്‍ മികച്ച അഭിപ്രായം പറഞ്ഞിരിക്കുന്ന ചിത്രത്തിലെ സല്‍മാന്‍ ഖാന്‍റെ കാമിയോ റോള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. അതേസമയം ഭൂല്‍ ഭുലയ്യ 3 നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

 

ആദ്യ അഭിപ്രായങ്ങള്‍ പോസിറ്റീവ് ആയതോടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ടിക്കറ്റ് ബുക്കിംഗ് കുതിക്കുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ അവസാന ഒരു മണിക്കൂറില്‍ ഈ രണ്ട് ചിത്രങ്ങളും ചേര്‍ന്ന് ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. സിങ്കം എഗെയ്ന്‍ 50940 ടിക്കറ്റുകളും ഭൂല്‍ ഭുലയ്യ 3 51560 ടിക്കറ്റുകളും! അതേസമയം പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ സിങ്കം എഗെയ്ന്‍ ആദ്യദിനം ഇതുവരെ നേടിയിരിക്കുന്നത് 15.7 കോടിയാണ്. ഭൂല്‍ ഭുലയ്യ 3 ഇത്തരത്തില്‍ നേടിയിരിക്കുന്നത് 17.12 കോടിയും! ഇപ്പോഴത്തെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി തുടര്‍ന്നാല്‍ മികച്ച ദീപാവലി വാരാന്ത്യമാണ് ബോളിവുഡിലെ കാത്തിരിക്കുന്നത് എന്നത് ഉറപ്പാണ്. 

ALSO READ : ഇന്ദ്രന്‍സിനൊപ്പം ജാഫര്‍ ഇടുക്കി; ‘ഒരുമ്പെട്ടവന്‍’ മോഷന്‍ പോസ്റ്റര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin