ഡല്‍ഹി: രാജസ്ഥാനില്‍ കാണാതായ 50കാരിയായ ബ്യൂട്ടീഷ്യനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശരീരഭാഗങ്ങള്‍ ആറ് കഷ്ണങ്ങളാക്കി മുറിച്ച നിലയില്‍ പ്ലാസ്റ്റിക് കവറുകളില്‍ കണ്ടെത്തുകയായിരുന്നു. ജോധ്പൂരില്‍ നിന്നും രണ്ട് ദിവസം മുമ്പാണ് 50 വയസുകാരിയെ കാണാതായത്.
ബ്യൂട്ടീഷ്യനെ പരിചയക്കാരനായ ഒരാള്‍ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ആറ് കഷ്ണങ്ങളാക്കി മുറിച്ച് പ്രതിയുടെ വീടിന് സമീപം കുഴിച്ചിട്ടിരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഒക്ടോബര്‍ 28ന് ഉച്ചയ്ക്ക് ബ്യൂട്ടിപാര്‍ലര്‍ പൂട്ടി മടങ്ങിയ അനിത ചൗധരി രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവ് മന്‍മോഹന്‍ ചൗധരി ജോധ്പൂരിലെ പോലീസ് സ്റ്റേഷനില്‍ ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി.
പ്രതിയായ ഗുല്‍ മുഹമ്മദ് എന്ന ഗുലാമുദ്ദീന് അനിതയുടെ ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്ന അതേ കെട്ടിടത്തില്‍ ഒരു കടയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. താമസിയാതെ ഇരുവരും പരിചയപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ ഫോണിലെ കോള്‍ ഡീറ്റെയില്‍സ് അനുസരിച്ചാണ് ഗുല്‍ മുഹമ്മദിനെ കുറിച്ച് പോലീസ് അറിഞ്ഞത്.
അനിതയെ കാണാതാകുന്നതിന് മുമ്പ് ഒരു ഓട്ടോയില്‍ സഞ്ചരിച്ചിരുന്നുവെന്ന് സര്‍ദാര്‍പുര പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ദിലീപ് സിംഗ് റാത്തോഡ് പറഞ്ഞു.
അനിതയെ കൊണ്ടുപോയ ഓട്ടോ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുകയും പ്രതി താമസിക്കുന്ന ഗംഗനയിലേക്ക് സ്ത്രീയെ കൊണ്ടുപോയതായി ഡ്രൈവര്‍ പറയുകയുമായിരുന്നു.
ഗംഗനയില്‍ എത്തിയ പോലീസ് ഗുല്‍ മുഹമ്മദിന്റെ വീട് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി താന്‍ സഹോദരിയുടെ വീട്ടിലായിരുന്നുവെന്ന് ഇയാളുടെ ഭാര്യ പോലീസിനോട് പറഞ്ഞു.
വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അനിതയെ കൊലപ്പെടുത്തി മൃതദേഹം വീടിനു പിന്നില്‍ കുഴിച്ചിട്ടിരിക്കുകയാണെന്ന് ഭര്‍ത്താവ് പറഞ്ഞെന്നും യുവതി പറഞ്ഞു.
തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ സ്ത്രീയുടെ കൈകളും കാലുകളും മറ്റ് ശരീര ഭാഗങ്ങളും രണ്ട് പ്ലാസ്റ്റിക് ബാഗുകളില്‍ വെവ്വേറെ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.