വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരായ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഭാര്യ മെലാനിയ ട്രംപ്.
ട്രംപ് ഹിറ്റ്‌ലര്‍ അല്ലെന്ന് അവര്‍ പറഞ്ഞു. ‘ഫോക്‌സ് ആന്റ് ഫ്രണ്ട്‌സ്’ എന്ന ഇന്റര്‍വ്യൂ ഷോയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശത്തെ താന്‍ പിന്തുണയ്ക്കുന്നു എന്ന് മെലാനിയ അഭിപ്രായപ്പെട്ടു. യുഎസ് പ്രസിഡന്റ് ആയിരിക്കെ ട്രംപ് ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം പിന്‍വലിച്ചിരുന്നു. താന്‍ ഗര്‍ഭച്ഛിദ്രാവകാശത്തെ പിന്തുണയ്ക്കുന്നതില്‍ അദ്ദേഹത്തിന് അത്ഭുതമൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.
അടുത്തിടെ പുറത്തിറങ്ങിയ മെലാനിയയുടെ ഓര്‍മക്കുറിപ്പുകളില്‍ ഗര്‍ഭച്ഛിദ്രാവകാശത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഡൊണാള്‍ഡ് ട്രംപിന് തന്റെ നിലപാടിനെക്കുറിച്ച് അറിയാമായിരുന്നെന്ന് മെലാനിയ പറഞ്ഞിരുന്നു.
ഹിറ്റ്‌ലറെയും എന്റെ ഭര്‍ത്താവിനെയും താരതമ്യപ്പെടുത്തുന്നത് മോശപ്പെട്ട കാര്യമാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ അനുഭാവികളും ഹിറ്റ്‌ലറേപ്പോലെയല്ല. രാജ്യത്തിന് വളര്‍ച്ചയുണ്ടാകുന്നതിനായി അദ്ദേഹത്തെ പിന്താങ്ങുന്നവരാണവര്‍. അദ്ദേഹത്തിന് എന്തൊക്കെ തരത്തിലുള്ള പിന്തുണയാണ് കിട്ടുന്നതെന്ന് നമുക്ക് കാണാവുന്നതാണ്, മെലാനിയ ട്രംപ് പറഞ്ഞു. തനിക്കെതിരായ വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട്, താനൊരു നാസിയല്ലെന്നും നാസികളുടെ എതിരാളിയാണെന്നും ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് കാംപെയിനുകളില്‍ വിരളമായാണ് മെലാനിയ പങ്കെടുത്തിരുന്നത്. എന്നാല്‍, ഞായറാഴ്ച ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മെലാനിയ പങ്കെടുത്തു.
അതേസമയം, ട്രംപിന്റെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ റാലിയും 85 വര്‍ഷം മുമ്പ് അരീനയുടെ മുന്‍ സ്ഥലത്ത് നടന്ന കുപ്രസിദ്ധ നാസി അനുകൂല സമ്മേളനവും തമ്മില്‍ താരതമ്യം ചെയ്തതിന് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ടിം വാള്‍സിന് വന്‍ തിരിച്ചടി നേരിട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മെലാനിയയുടെ പ്രസ്താവന.
നെവാഡയിലെ ഹെന്‍ഡേഴ്‌സണില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് വാള്‍സ് പറഞ്ഞു, ‘ഡൊണാള്‍ഡ് ട്രംപിന്റെ ഈ വലിയ റാലി മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടക്കുന്നുണ്ട്.’ ‘1930 കളില്‍ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന ഒരു വലിയ റാലിക്ക് വ്യക്തമായ സമാന്തരമുണ്ട്.’
റിപ്പബ്ലിക്കന്‍മാരും ട്രംപ് ടീമും വാള്‍സിന്റെ പരാമര്‍ശങ്ങളെ ‘ലജ്ജാകരമായ’ ആക്രമണമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.