കേരളത്തിലെ ആവശ്യക്കാരന് ഹാഷിഷ് ഓയിൽ എത്തിക്കാൻ ശ്രമം; കാത്തുനിന്ന് പൊലീസ്, മൂന്നം​ഗ സംഘം പിടിയിൽ

ഗൂഡല്ലൂ‍ർ: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് പേർ തമിഴ്നാട്ടിലെ ഗൂഡല്ലൂർ പൊലീസിന്റെ പിടിയിൽ. പ്രതികളിൽ നിന്ന് ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. തേനി ജില്ലയിലെ ഗൂഡല്ലൂർ സ്വദേശികളായ നടരാജൻ, പ്രഭു, ലോവർ ക്യാമ്പ് സ്വദേശി കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. 3 മുതൽ 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തെന്ന് പൊലീസ് അറിയിച്ചു. 

കമ്പത്തു നിന്നും കുമളിയിലേക്ക് ഹാഷിഷ് ഓയിൽ കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് മൂവരും ഇരുചക്രവാഹനത്തിൽ ഹാഷിഷുമായി എത്തിയത്. കുമളി വഴി കേരളത്തിലെ ആവശ്യക്കാരന് ഹാഷിഷ്  എത്തിച്ചു കൊടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ ഗൂഡല്ലൂർ-കുമളി ബൈപാസ് റോഡിൽ കാത്തുനിന്ന പൊലീസ് സംഘം ലഹരിക്കടത്തുകാരെ പിടികൂടുകയായിരുന്നു.

പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിലെ ഇവരുടെ ഇടപാടുകാരെ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം ലഹരി ഉപയോഗിക്കുന്നവർക്കിടയിൽ കഞ്ചാവ് വാറ്റിയെടുത്ത് തയ്യാറാക്കുന്ന ഹാഷിഷ് ഓയിലിന് വൻ ഡിമാന്റാണ് ഉള്ളത്. 

READ MORE: ഇരുപത്തിയഞ്ചോളം മോഷണ കേസുകളിൽ പ്രതി; അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ

By admin

You missed