പാലക്കാട്: കഞ്ചാവ് കടത്ത് കേസില്‍ പ്രതിക്ക് ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം തട്ടാരുകോണം മുള്ളംകൊട്ടുവിള വീട്ടില്‍ സുജിമോൾ(24)ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി അധിക തടവും അനുഭവിക്കണം. പാലക്കാട് സെക്കൻഡ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജി ഡി. സുധീർ ഡേവിഡാണ് ശിക്ഷ വിധിച്ചത്.
കേസിലെ രണ്ടാം പ്രതിയാണ് സുജിമോള്‍. ഒന്നാം പ്രതി എറണാകുളം പൊന്നാരിമംഗലം മുളവുകാട് മുത്തനാട്ടുശേരിയില് വിപിൻദാസ് (32) കേസിന്റെ വിചാരണയ്ക്കിടയിൽ ഒളിവിൽ പോയിരുന്നു.
2017 ഡിസംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാക്കര മലബാർ ആശുപത്രിയിൽ വെച്ചാണ് ഇരുവരില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. വിപിനില്‍ നിന്ന് 1.070 കിലോഗ്രാം കഞ്ചാവും, സുജിമോളില് നിന്ന് 1.065 കിലോഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്.
പ്രതികളെ ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലെ എസ് ഐ ആയിരുന്ന മുരളീധരൻ വിഎസ്, സിപിഒ സജീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
അന്നത്തെ ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറും നിലവിൽ ഷൊർണൂർ ഡിവൈഎസ്പി യും ആയ ആർ മനോജ് കുമാറാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്കൂട്ടർ മനോജ് കുമാർ , ശ്രീനാഥ് വേണു എന്നിവർ ഹാജരായി.