കോട്ടയം: നഗരത്തിലെ മാലിന്യ നിക്ഷേപ കേന്ദ്രമായി മണിപ്പുഴ. മണിപ്പുഴ – ഈരയില്‍ക്കടവ് ബൈപ്പാസ് മുതല്‍ റോഡരികിലും സമീപത്തെ ജലാശയങ്ങളിലുമെല്ലാം രാത്രിയുടെ മറവില്‍ മാലിന്യം നിക്ഷേപിച്ചു മടങ്ങുകയാണു പതിവ്.
 ചാക്കില്‍ക്കെട്ടി അറവു മാലിന്യം വരെ തള്ളുന്നതോടെ ദുര്‍ഗന്ധം കാരണം ഇതുവഴി കാല്‍നട യാത്രപോലും അസാധ്യമായി മാറി. മണിപ്പുഴയിലെ റോഡരികിലെ തോട്ടില്‍ സാമൂഹിക വിരുദ്ധ സംഘം മാലിന്യം തള്ളിയതോടെ പ്രദേശവാസികള്‍ ദുരിതത്തിലായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി മണിപ്പുഴ – നാട്ടകം ഗസ്റ്റ് ഹൗസ് റോഡരികിലെ തോട്ടില്‍ മാലിന്യം തള്ളിയതോടെ ദുര്‍ഗന്ധം അനുഭവപ്പെടുകയാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു നഗരസഭ പ്രതിപക്ഷ നേതാവ് ഷീജ അനില്‍ വിഷയത്തില്‍ ഇടപെട്ടു.
തുടര്‍ന്ന്, നഗരസഭ നാട്ടകം സോണിലെ ജീവനക്കാര്‍ എത്തി പ്രദേശം വൃത്തിയാക്കി. ഈ പ്രദേശത്ത് സാമൂഹിക വിരുദ്ധ സംഘം മാലിന്യം തള്ളുന്നതു പതിവാണ്.
മണിപ്പുഴ – ഈരയില്‍ക്കടവ് ബൈപ്പാസിലും സമാന രീതിയില്‍ സംഘം മാലിന്യം തള്ളാറുണ്ട്. ഈ സാഹചര്യത്തില്‍ പ്രദേശത്ത് സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ നഗരസഭ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *